മിത്രനന്തപുരം ത്രിമൂർത്തി ക്ഷേത്രം:
കേരളത്തിലെ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന മിത്രനന്തപുരം ത്രിമൂർത്തി
ക്ഷേത്രം, ഹിന്ദു പാരമ്പര്യത്തിന്റെ ആധ്യാത്മിക സമൃദ്ധിയുടെ ഒരു
ഉദാഹരണമാണ്. വിഷ്ണു, ശിവൻ, ബ്രഹ്മാവ് എന്നീ ത്രിമൂർത്തികൾ ആണ് ഇവിടത്തെ പ്രധാന
പ്രതിഷ്ഠ. പദ്മനാഭസ്വാമി ക്ഷേത്രത്തിനടുത്തായി സ്ഥിതി ചെയ്യുന്ന
ഈ ക്ഷേത്രം, ശാന്തവും ദിവ്യവുമായ അന്തരീക്ഷം ഭക്തർക്ക് പ്രദാനം
ചെയ്യുന്നു. വിഷ്ണു, ശിവൻ, ബ്രഹ്മാവ് എന്നീ ദേവതകൾക്ക് ഒരൊറ്റ ക്ഷേത്രത്തിനുള്ളിൽ പ്രത്യേക ശ്രീകോവിലുകളിൽ
പ്രതിഷ്ഠിച്ചിരിക്കുന്ന ഇന്ത്യയിലെ ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ പുരാതന
ക്ഷേത്രം, ഇത് പ്രപഞ്ചത്തിന്റെ അടിസ്ഥാന തത്വങ്ങളായ സൃഷ്ടിയുടെയും, സംരക്ഷണത്തിന്റെയും, സംഹാരത്തിന്റെയും ദൈവിക ഐക്യം ഈ ക്ഷേത്രത്തിൽ നിറഞ്ഞുനിൽക്കുന്നു. പതിനാലാം നൂറ്റാണ്ടിൽ നിർമ്മിച്ചതായി കരുതപ്പെടുന്ന മിത്രനന്തപുരം
ക്ഷേത്രം കേരളത്തിന്റെ സമ്പന്നമായ വാസ്തുവിദ്യയുടേയും, സങ്കീർണ്ണമായ തച്ചശാസ്ത്രങ്ങളുടേയും, ഐതിഹ്യങ്ങളുടേയും, ഉദാത്ത
ഉദാഹരണമാണ്. കൂടാതെ ഭാരതത്തിന്റെ അപൂർവ സാംസ്കാരിക പൈതൃകത്തെയും ഇത് എടുത്തു കാണിക്കുന്നു.
ആത്മീയ പ്രാധാന്യത്തിനും ചരിത്ര മൂല്യങ്ങൾക്കും പേരുകേട്ട ഈ ക്ഷേത്രത്തിൽ വിഷ്ണു, ശിവൻ, ബ്രഹ്മാവ് എന്നീ പ്രതിഷ്ഠകൾ പ്രപഞ്ചത്തിന്റെ മൂന്ന്
വ്യത്യസ്ത ദിശകളിലേക്ക് തിരിഞ്ഞ് നിലകൊള്ളുന്നു. ആദ്യം പടിഞ്ഞാറ് ദിശയിൽ വിഷ്ണു പ്രതിഷ്ഠയാണ്, നിൽക്കുന്ന ഭാവത്തിലുള്ള വിഗ്രഹം ശിലയിലാണ്
നിർമ്മിക്കപ്പെട്ടിരിക്കുന്നത്, നാല്
കൈകളിലായി ശംഖ്, ചക്രം, ഗദ, താമരപ്പൂവ് എന്നിവ വഹിക്കുന്നു. പ്രധാന ശിലാവിഗ്രഹത്തിന് മുന്നിൽ ഒരു ചെറിയ ലോഹ വിഗ്രഹമുണ്ട്, ഇത് മുനി വില്വമംഗലം സ്വാമിയാർ ആരാധിച്ചിരുന്ന
വിഗ്രഹമാണെന്ന് വിശ്വസിക്കപ്പെടുന്നു. തൊട്ടുപുറത്ത് ഒരു ഗരുഡ പ്രതിമയുണ്ട്. കൃഷ്ണൻറെ ജന്മദിനമായ അഷ്ടമിരോഗിണിയാണ് ഈ നടയിലെ
പ്രധാന ആഘോഷം. ശിവപ്രതിഷ്ഠ വടക്ക് ദിശയിലാണ്. കൂടാതെ ശിവപ്രതിഷ്ഠയ്ക്ക് തെക്ക് പടിഞ്ഞാറെ മൂലയിൽ
ഒരു ഗണേശ പ്രതിഷ്ഠ കൂടിയുണ്ട്. ഈ നടയിലെ പ്രധാന ഉത്സവമായി മഹാ ശിവരാത്രി ആഘോഷിക്കുന്നു. കൂടാതെ എല്ലാ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ചും അഗ്നി ബലിയായി വസോർധര ഹോമം നടത്തുന്നു. ബ്രഹ്മാവിൻറെ പ്രതിഷ്ഠ തെക്ക് ദിശയിലാണ്. ബ്രഹ്മാവിന്റെ പ്രതിമ കല്ലുകൊണ്ട് ഇരിക്കുന്ന
രൂപത്തിലാണ് നിർമ്മിച്ചിരിക്കുന്നത്, സാധാരണ കണ്ടുവരുന്ന ബ്രഹ്മാവിൻറെ വിഗ്രഹങ്ങളിൽ നാലു തലയാണുള്ളത്, എന്നാൽ ഇവിടുത്തെ പ്രതിഷ്ഠയിൽ ഒരു തല മാത്രമേ ഉള്ളൂ. കൂടാതെ ബ്രഹ്മ ക്ഷേത്രത്തിനുള്ളിൽ ഗണേശ പ്രതിഷ്ഠയും ഉണ്ട്. ബ്രഹ്മാവിൻറെ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങൾ
ഇന്ത്യയിൽ വളരെ വിരളമാണ്, അതിനാൽ ഈ ക്ഷേത്രത്തിൻറെ പൈതൃകവും മഹത്വവും
വളരെ വിലമതിക്കാൻ കഴിയാത്തതാണ്. മിത്രാനന്ദപുരം ക്ഷേത്ര സമുച്ചയത്തിൽ മിത്രാനന്ദപുരം കുളം ഉൾപ്പെടുന്നു. ആദ്യകാലങ്ങളിൽ, ഈ ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശനമില്ലായിരുന്നു, എന്നാൽ ഇപ്പോൾ ചില നിയന്ത്രണങ്ങളോടെ, അവർക്ക് അനുവാദമുണ്ട്.
ക്ഷേത്രത്തിലെ പ്രധാന ഉത്സവം എല്ലാ വർഷവും
മലയാള മാസമായ കുംഭ മാസത്തിലാണ് (ഫെബ്രുവരി/മാർച്ച്) നടക്കുന്നത്. പരമ്പരാഗതമായി
കൈമാറി വന്ന ആചാരപരമായ പ്രത്യേക പൂജാവിധികളും, ഭക്തിനിർബലമായ സംഗീത
പരിപാടികളും ഉൾപ്പെടുന്നതാണ് ഉത്സവം. ത്രിമൂർത്തികളുടെ അനുഗ്രഹ പ്രാപ്തി
ലഭിക്കുന്നതിനായി നാട്ടിലെ ആബാലവൃത്ത ഭക്തജനങ്ങളും ഉത്സവത്തിൽ പങ്കെടുക്കുന്നു.
ഭക്തരുടെ മനസ്സുകളിൽ ആനന്ദവും ആഴത്തിലുള്ള ആത്മീയ അനുഭവവും കൊണ്ടുവരാൻ
ഉത്സവങ്ങൾക്ക് കഴിയും. കൂടാതെ, ക്ഷേത്രത്തിലെ
ദൈനംദിന പൂജകൾ ഭക്തരുടെ ആത്മീയ തീക്ഷ്ണത വർദ്ധിപ്പിക്കും.
ചരിത്രം:
ക്ഷേത്രത്തിന്റെ ഉത്ഭവവും പൗരാണികതയും
അറിയാൻ ആധികാരിക രേഖകളൊന്നുമില്ല. സ്യാനന്ദുര പുരാണം അനുസരിച്ച്, എ.ഡി 1168-ൽ
ക്ഷേത്രം നിർമ്മിക്കപ്പെട്ടു എന്ന് കണക്കാക്കുന്നു.
കൂടാതെ എ.ഡി. 1196-ൽ ക്ഷേത്രം പുതുക്കിപ്പണിഞ്ഞു എന്നും പറയപ്പെടുന്നു.
അതിനുശേഷം എ.ഡി. 1344-ൽ ക്ഷേത്രഭൂമി ദേവന്മാർക്ക് സമർപ്പിച്ചു
എന്നാണ് കണക്കാക്കപ്പെടുന്നത്. പുരാതന രാജഭരണ കാലത്ത് ഈ ക്ഷേത്രം പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഒരു അനുബന്ധ
ക്ഷേത്രമായിരുന്നു. തിരുവിതാംകൂർ
രാജ്യത്തിന്റെ ഭരണാധികാരികൾ അനന്തശയനവുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രധാന
തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് ക്ഷേത്രദർശനവും ആരാധനയും നടത്തിയിരുന്നു എന്ന് രേഖകൾ പറയുന്നു. 1748-ൽ മഹാരാജാവ് മാർത്താണ്ഡ വർമ്മ ക്ഷേത്രം
വീണ്ടും നവീകരിച്ചു ഇന്നു കാണുന്ന
രൂപത്തിൽ ക്ഷേത്രത്തെ മാറ്റി. തുടക്കം മുതൽ തന്നെ, ഈ ക്ഷേത്രത്തിന്റെ ഭരണം തിരുവിതാംകൂർ രാജാക്കന്മാരുടെ
സംയുക്ത മേൽനോട്ടത്തിൽ എട്ടരയോഗത്തിന്റെ നിയന്ത്രണത്തിലായിരുന്നു. ഇപ്പോൾ ക്ഷേത്ര ഭരണം തിരുവിതാംകൂർ ദേവസ്വം
ബോർഡിന്റെ കീഴിലാണ്.
സ്യാനന്ദൂര പുരാണം:
എ.ഡി. 1168ൽ രചിച്ചതായി കരുതുന്ന 'സ്യാനന്ദൂര പുരാണ സമുച്ചയം' എന്ന സംസ്‌കൃത കാവ്യത്തിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തുള്ള പന്ത്രണ്ട് പുണ്യതീർഥങ്ങളെപ്പറ്റിയും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൻറെ സ്ഥാനവും പറയുന്നുണ്ട്. പത്മതീർഥം, ബ്രഹ്മകുണ്ഡം, അഗസ്ത്യകുണ്ഡം, പിതൃതീർഥം, ശൂർപാകാരതീർഥം, രാമസരസ്, വരാഹതീർഥം, സപ്തർഷികുണ്ഡം, അങ്കവനതീർഥം, ജടാകുണ്ഡം, ചക്രതീർഥം എന്നിവയാണവ. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്ഥാനം, മലയപർവ്വതത്തിനു തെക്കും പൈതാമഹകുണ്ഡത്തിന്റെ പടിഞ്ഞാറും സമുദ്രങ്ങൾക്ക് കിഴക്കും ആയി സ്ഥിതിചെയ്യുന്ന രാജ്യം ശ്രീ പത്മനാഭന്റേതാണെന്ന് പറയുന്നു. ഇതിൽ മലയ പർവ്വതം മലയിൻകീഴ് ആണെന്നാണ് വ്യാഖ്യാതാക്കൾ പറയുന്നത്.

Comments
Post a Comment