തമിഴ്നാട്ടിലെ ക്ഷേത്രനഗരമായ
മധുരൈയിൽ നിന്നും ഏകദേശം 8 കിലോമീറ്റർ അകലെ തിരുപ്പറങ്കുൻറം മലനിരകളുടെ അടിവാരത്ത്
സ്ഥിതി ചെയ്യുന്ന,
തിരുപ്പറങ്കുൻറം മുരുകൻ ക്ഷേത്രം ഭഗവാൻ മുരുകന്റെ ആറ് പടൈവീടുകളിൽ (അറുപടൈവീടുകൾ) ഒന്നാമത്തേതും
അതിപുരാതനവുമാണ്. ഐതിഹ്യങ്ങളും ചരിത്രവും വാസ്തുവിദ്യയും ഒരേപോലെ സംഗമിക്കുന്ന ഈ
പുണ്യഭൂമി, ശൂരപദ്മൻ എന്ന അസുരനെ വധിച്ച ശേഷം മുരുകൻ ദേവേന്ദ്രന്റെ
പുത്രിയായ ദേവയാനിയെ വിവാഹം കഴിച്ച ഇടമായാണ് വിശ്വസിക്കപ്പെടുന്നത്. അതിനാൽ തന്നെ, മംഗല്യഭാഗ്യത്തിനും കുടുംബൈശ്വര്യത്തിനുമായി ആയിരക്കണക്കിന്
ഭക്തർ നിത്യേന ഇവിടെ എത്തിച്ചേരുന്നു. ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത ഇത്
ഒരു ഗുഹാക്ഷേത്രമാണ് എന്നതാണ്/(Rock-cut
Temple). 6–ാം
നൂറ്റാണ്ടിൽ പാണ്ഡ്യ രാജാക്കന്മാരുടെ കാലത്ത് നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം, ഒരു കൂറ്റൻ കരിങ്കൽ പാറ തുരന്നാണ്
കൊത്തിയെടുത്തിരിക്കുന്നത്. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ സുബ്രഹ്മണ്യനാണ്/മുരുകൻ. പവിത്രമായ ശിലയിൽ കൊത്തിയെടുത്ത രൂപമായതിനാൽ അഭിഷേകം ചെയ്യപ്പെടാറില്ല, പകരം പനിനീർ കൊണ്ടുള്ള പൂജകളാണ് ഇവിടെ നടക്കുന്നത്. കൂടാതെ, മറ്റു
മുരുകൻ ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി, ശൈവ-വൈഷ്ണവ ഐക്യത്തിന്റെ
പ്രതീകമായി മുരുകനോടൊപ്പം ഭഗവാൻ ശിവൻ,
വിഷ്ണു, വിനായകൻ, ദുർഗ്ഗ എന്നീ ദേവതകൾക്കും
ഇവിടെ തുല്യ പ്രാധാന്യത്തോടെയുള്ള പ്രതിഷ്ഠകളുണ്ട്.
ക്ഷേത്രത്തിന് സമീപമുള്ള ശരവണ
പൊയ്ഗൈ ഭക്തർക്കിടയിൽ ഏറെ പുണ്യമുള്ള തീർത്ഥകുളമായി കണക്കാക്കപ്പെടുന്നു.
പുരാണവിശ്വാസപ്രകാരം മുരുകന്റെ ദിവ്യജന്മവുമായി ബന്ധപ്പെട്ട സ്മരണകൾ നിലനിൽക്കുന്ന
സ്ഥലമായാണ് ഈ പൊയ്ഗൈയെ കരുതുന്നത്. മലനിരകളുടെ നടുവിൽ ശാന്തമായി സ്ഥിതിചെയ്യുന്ന ഈ
പൊയ്ക പ്രകൃതിസൗന്ദര്യവും ആത്മീയമഹത്വവും ഒരുപോലെ സമ്മാനിക്കുന്നു.
ക്ഷേത്രദർശനത്തിന് മുമ്പ് ഇവിടെ സ്നാനം ചെയ്യുന്നത് പാപക്ഷയം വരുത്തുകയും മനസ്സിന്
ശുദ്ധിയും ആത്മീയശാന്തി നൽകുമെന്ന് ഭക്തർ വിശ്വസിച്ചു പോരുന്നു.
വാസ്തുവിദ്യാപരമായി
ലോകത്തെ തന്നെ വിസ്മയിപ്പിക്കുന്ന നിർമ്മാണശൈലിയാണ് തിരുപ്പറങ്കുൻറത്തിലെ
ക്ഷേത്രത്തിന്‍റെത്. ദ്രാവിഡ വാസ്തുവിദ്യയുടെ പ്രൗഢിയും പാരമ്പര്യവും
വിളിച്ചോതുന്ന ഏഴ് നിലകളുള്ള രാജഗോപുരം ഏകദേശം 150 അടി ഉയരത്തിൽ ഗംഭീരമായി ഉയർന്നുനിൽക്കുന്നു.
ഭക്തിയുടെയും കലയുടെയും അപൂർവ്വ സംഗമമായി നിലകൊള്ളുന്ന ഈ ഗോപുരം, താഴെനിന്ന് മുകളിലേക്ക് നോക്കുമ്പോൾ ഭൂമിയിൽ നിന്ന്
സ്വർഗ്ഗത്തിലേക്കുള്ള ആത്മീയ യാത്രപോലെ അനുഭവപ്പെടുന്നതിനോടൊപ്പം, ആ ഏഴ്
നിലകൾ ഭക്തന്റെ മനസ്സിനെ ക്രമേണ ദൈവസാന്നിധ്യത്തിലേക്ക് ഉയർത്തിക്കൊണ്ടുപോകുന്ന
ആത്മീയ പടവുകളായി മാറുന്നു.
ദേവീദേവന്മാരുടെ
ദിവ്യപ്രഭയാർന്ന രൂപങ്ങളും, സമാധിയിൽ ലയിച്ച ഋഷിമാരുടെ ശാന്തസൗന്ദര്യവും തപസ്സിന്റെ
തേജസ്സും, പുരാണങ്ങളിലെ ഉജ്ജ്വല സംഭവങ്ങളും അതിസൂക്ഷ്മമായ
കൊത്തുപണികളിലൂടെ കല്ലിൽ ജീവൻ പകർന്നതുപോലെ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു.
സുബ്രഹ്മണ്യസ്വാമിയുടെ വീരഗാഥയായ ശൂരസംഹാരത്തിന്റെ ദീപ്ത നിമിഷങ്ങളും
ദേവയാനിയുമായുള്ള ദിവ്യവിവാഹത്തിന്റെ മംഗളസന്നിവേശവും അതീവ സൗന്ദര്യത്തോടെ
ചിത്രീകരിച്ചിരിക്കുന്ന ഈ ശില്പങ്ങൾ,
ചരിത്രവും ഭക്തിയും
കലാസൗന്ദര്യവും ഒത്തുചേർന്ന ദൈവിക നാടകവേദിയായി ഗോപുരത്തെ ഉയർത്തിപ്പിടിക്കുന്നു.
കല്ലിൽ കൊത്തിയ ഓരോ രൂപവും ദർശകന്റെ ഹൃദയത്തിൽ ഭക്തിരസം നിറച്ച് കാലങ്ങളെയും
കഥകളെയും ഒരുമിച്ച് അനുഭവിപ്പിക്കുന്ന അമൂല്യ ദർശനമായി മാറുന്നു.
ക്ഷേത്രത്തിൻറെ ഉള്ളിലേക്ക് കടന്നാൽ അത്ഭുതത്തിന്റെ മറ്റൊരു
ലോകമാണ് കാണുന്നത്. പ്രധാന ശ്രീകോവിലിന് മുമ്പിലുള്ള മണ്ഡപങ്ങളെ മൂന്ന് വ്യത്യസ്ത ഉയരങ്ങളിലായാണ്
നിർമ്മിച്ചിരിക്കുന്നത്,
കാംബത്തടി മണ്ഡപം, അർദ്ധ മണ്ഡപം, മഹാമണ്ഡപം, അവ
ഓരോന്നിലും എത്തുന്നതിന് പ്രത്യേക നടപ്പാതകളും പടവുകളും ഉണ്ട്. ആസ്ഥാന
മണ്ഡപത്തിലും കംബത്തടി മണ്ഡപത്തിലും കാണപ്പെടുന്ന കൂറ്റൻ പാറകളിൽ തീർത്ത കൽത്തൂണുകളിൽ
അതിമനോഹരമായി കൊത്തിയെടുത്ത ജീവൻ തുടിക്കുന്ന ശിവന്റെ നൃത്ത
രൂപങ്ങൾ, നരസിംഹമൂർത്തി, വരാഹമൂർത്തി, കർപ്പഗ വിനായകർ, മഹിഷാസുര മർദ്ധിനി, സപ്തമാതാക്കൾ, തിരുമല നായ്ക്കരും മങ്കമ്മാളും, അന്തരഭരണർ, ഉഗ്ഗിരാർ, ഭൈരവർ, സരസ്വതി, മറ്റു ദേവി ദേവന്മാരുടെ ശില്പങ്ങൾ, തൂണുകൾക്ക് മുകളിലായി യാളി, അശ്വം, ഗന്ധർവൻമാർ, അപ്സരസുകൾ, ദേവതാമൂർത്തികൾ
എന്നിവയുടെ സവിശേഷ രൂപങ്ങൾ ദർശിക്കാൻ സാധിക്കും. ഓരോ തൂണും ഒരു ശില്പകഥയാണ്! തൂണുകളുടെ മേൽപ്പുരയിൽ
കൊത്തിയ ലതാപത്ര രൂപകല്പനകൾ പ്രകാശം പതിക്കുമ്പോൾ അത്ഭുതകരമായ നിഴൽചിത്രങ്ങൾ
സൃഷ്ടിക്കുന്നു.
ക്ഷേത്രത്തിന്റെ ഹൃദയഭാഗമായ അർദ്ധമണ്ഡപത്തിലേക്ക് പ്രവേശിക്കുമ്പോൾ, തടിയിൽ തീർത്ത ആ കൂറ്റൻ വാതിൽ ഒരു ചരിത്ര വിസ്മയമായി നിലകൊള്ളുന്നു. പുരാണകഥകൾ തുടിക്കുന്ന അതിസൂക്ഷ്മമായ കൊത്തുപണികൾ ആ തഴക്കമുള്ള തടിയിൽ ജീവൻ പ്രാപിക്കുമ്പോൾ, അത് ഭക്തരെ നൂറ്റാണ്ടുകൾക്ക് പിന്നിലെ കലാവൈഭവത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. ഗർഭഗൃഹത്തിലേക്കുള്ള വഴിയിൽ ശാന്തത നിറഞ്ഞ ദീപപ്രകാശം ഭക്തഹൃദയങ്ങളിൽ ഭക്തിഭാവം ഇരട്ടിപ്പിക്കുന്നു. ക്ഷേത്രത്തിന്റെ പവിത്രത കുടികൊള്ളുന്ന ബലിക്കല്ലും സാഷ്ടാംഗം പ്രണമിക്കാനുള്ള വിശുദ്ധമായ ഇടവും ഭക്തനെ ദൈവികമായ സമാധിയിലേക്ക് നയിക്കുന്നു. അന്തരീക്ഷത്തിൽ പടരുന്ന സുഗന്ധദ്രവ്യങ്ങളുടെ മാസ്മര ഗന്ധവും, അകത്തളങ്ങളിൽ മുഴങ്ങുന്ന മണിനാദങ്ങളും, ഭക്തിസാന്ദ്രമായ മന്ത്രോച്ചാരണങ്ങളും ലൗകികമായ സർവ്വതും മറന്ന് പരമാത്മാവിൽ അലിഞ്ഞുചേരാൻ മനസ്സിനെ പാകപ്പെടുത്തുന്നു.
ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ശ്രീകോവിൽ
തന്നെയാണ്. കട്ടിയുള്ള പാറകളെ കൃത്യമായ അളവിലും സമചതുര രൂപത്തിലും മുറിച്ചെടുത്തതാണ്
ഗർഭഗൃഹവും, അതിനു ചുറ്റുമുള്ള നിർമ്മിതികളും
രൂപപ്പെടുത്തിയിരിക്കുന്നത്. ഇത് ദൈവഭക്തിയും കലാപ്രതിഭയും
ചേർന്നുണ്ടാക്കിയ ഒരു അത്ഭുത സൃഷ്ടിയാണ്. ഒരേ പാറയിൽ കൊത്തിയെടുത്ത അഞ്ച് പ്രത്യേക
അറകളിലായി മുരുകൻ,
ശിവൻ, വിഷ്ണു, വിനായകൻ, ദുർഗ്ഗ
എന്നീ പ്രതിഷ്ഠകൾ ഇവിടെയുണ്ട്. സാധാരണ ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇവിടെ ശിവനും വിഷ്ണുവും പരസ്പരം അഭിമുഖമായി നിൽക്കുന്നു
എന്നത് അതിശയകരമായ ഒരു കാഴ്ചയാണ്. മുരുകൻ തന്റെ പത്നിയായ ദേവയാനിയോടൊപ്പം വിവാഹ വേഷത്തിലാണ്
ഇവിടെ കുടികൊള്ളുന്നത്. കൂടാതെ ബാലമുരുകന്റെ പ്രതിഷ്ഠയും ഇവിടെ കാണാൻ കഴിയും. മുരുകന്റെ വാഹനമായ മയിൽ, ശിവന്റെ വാഹനമായ നന്തി, വിനായകന്റെ വാഹനമായ മൂഷികൻ എന്നിവയും ഒരേ നിരയിൽ പാറയിൽ
കൊത്തിവെച്ചിട്ടുണ്ട്, ഇത് ഞാൻ ഇതുവരെ സന്ദർശിച്ചിട്ടുള്ള മറ്റു
മുരുക ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായ അനുഭവമായിരുന്നു. ശ്രീകോവിലിന് മുകളിലായി സൂര്യന്റെയും
ചന്ദ്രന്റെയും ചിത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നത് പ്രപഞ്ചനാഥന്റെ സാന്നിധ്യത്തെ
സൂചിപ്പിക്കുന്നു. പാറകളെ തുരന്ന് അതിൻറെ ഉള്ളറകളെ തന്നെ ക്ഷേത്രരൂപത്തിലേക്ക്
മാറ്റിയ ഈ നിർമാണശൈലി, ശില്പകലയുടെ
അസാധാരണമായ മികവിനെയാണ് കാണിക്കുന്നത്.
കൂടാതെ ആയിരക്കണക്കിന് വർഷത്തെ ചരിത്രം വിളിച്ചോതുന്ന ശിലാലിഖിതങ്ങളും ഈ
ക്ഷേത്രത്തിന്റെ ചുവരുകളിൽ കാണാം.
ഇവിടെ ഞാൻ കണ്ട മറ്റൊരു അപൂർവതയാണ് മുരുകനും ദേവയാനിയും
തമ്മിലുള്ള തിരുക്കല്യാണം ഇന്നും ഇവിടെ പ്രതീകാത്മകമായി ഭക്തിപൂർവ്വം
ആചരിക്കപ്പെടുന്നു എന്നത്. അസുരനായ സൂരപദ്മനെ സംഹരിച്ച് ദേവഗണങ്ങളെ രക്ഷിച്ച
മുരുകനോട് കൃതജ്ഞത രേഖപ്പെടുത്തുന്നതിനായി ദേവേന്ദ്രൻ തന്റെ പുത്രിയായ ദേവയാനിയെ
വിവാഹമായി സമർപ്പിച്ചതും ഈ തിരുപ്പറങ്കുൻറത്തിൽ വെച്ചാണെന്നതാണ് പുരാണവിശ്വാസം.
അതിന്റെ സ്മരണയായാണ് ഇന്നും ഈ ദിവ്യവിവാഹച്ചടങ്ങ് ക്ഷേത്രത്തിൽ
ആചരിക്കപ്പെടുന്നത്. ധർമ്മത്തിന്റെ വിജയത്തെയും ദൈവികസൗഭാഗ്യത്തെയും
പ്രതിനിധീകരിക്കുന്ന മഹത്തായ പുണ്യസംഭവമായി ഭക്തർ ഈ തിരുക്കല്യാണത്തെ
കണക്കാക്കുന്നു. കൂടാതെ,
ബ്രഹ്മാവ് കാർമ്മികനായി ചടങ്ങുകൾ നിർവഹിക്കുകയും സൂര്യനും
ചന്ദ്രനും സാക്ഷികളായി നിലകൊള്ളുകയും ചെയ്ത ഈ ദിവ്യവിവാഹത്തിന്റെ സ്മരണയ്ക്കായി
ക്ഷേത്രത്തിലെ മണ്ഡപങ്ങളുടെ വിവിധ ഭാഗങ്ങളിലായി അതിമനോഹരമായി, ഈ രംഗങ്ങൾ കല്ലുകളിൽ കൊത്തി
വെച്ചിരിക്കുന്നത് കാണുന്നത് ഒരു ചലച്ചിത്രം കാണുന്നതുപോലെ നമുക്ക് അനുഭവിക്കാൻ
കഴിയും.
സർവ്വാഭരണ വിഭൂഷിതരായി മുരുകനെയും ദേവയാനിയെയും
എഴുന്നള്ളിച്ച് വേദമന്ത്രങ്ങളുടെ മധുരനാദത്തോടെയും നാദസ്വര–മേളതാളങ്ങളുടെ
ഭക്തിനിറഞ്ഞ അന്തരീക്ഷത്തോടെയും ദേവഗണങ്ങളുടെ ആശീർവാദസാന്നിധ്യത്തിൽ വിവാഹചടങ്ങുകൾ
പ്രതീകാത്മകമായി നടത്തപ്പെടുന്നു. പുരോഹിതന്മാർ താലികെട്ടൽ, പൂമാലമാറ്റം തുടങ്ങിയ വിവാഹാചാരങ്ങൾ ആചാരാനുസൃതമായി
നിർവഹിക്കുമ്പോൾ നൂറുകണക്കിന് ദമ്പതികൾ ഭക്തിപൂർവ്വം ഈ ദർശനത്തിന്
സാക്ഷികളാകുന്നു. ദാമ്പത്യജീവിതം ഐശ്വര്യപൂർണ്ണമാകാനും മംഗല്യഭാഗ്യം വർധിക്കാനും
കന്യകമാർക്ക് നല്ലൊരു ദാമ്പത്യജീവിതം ലഭിക്കാനും, ഈ തിരുക്കല്യാണദർശനം അനുഗ്രഹകരമാണെന്ന വിശ്വാസത്തോടെ
നാനാതുറകളിൽ നിന്നുള്ള ഭക്തർ ഇവിടെ എത്തുന്നത് പതിവാണ്. ഇങ്ങനെ ദൈവികപ്രണയത്തിന്റെ
മഹത്വവും ഭക്തിയുടെ ആഴവും വിളിച്ചോതുന്ന ഈ തിരുക്കല്യാണാചാരം ക്ഷേത്രത്തിന്റെ
ആത്മീയമഹിമയെ കൂടുതൽ തിളക്കമാർന്നതാക്കുന്നു.





Comments
Post a Comment