കരിക്കകം ശ്രീ ചാമുണ്ഡേശ്വരി ദേവി ക്ഷേത്രം

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ചാക്കയ്ക്ക് സമീപം പാർവ്വതി പുത്തനാർ തീരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന 600 വർഷത്തിലധികം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ ഹൈന്ദവ ആരാധനാലയമാണ് കരിക്കകം ശ്രീ ചാമുണ്ഡേശ്വരി ദേവി ക്ഷേത്രം. ഭാരതത്തിലെ പ്രധാനപ്പെട്ട ശക്തി പീഠങ്ങളിൽ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന ഈ ക്ഷേത്രത്തിൽ മഹാചാമുണ്ഡി, രക്തചാമുണ്ഡി, ബാലചാമുണ്ഡി എന്നീ മൂന്ന് ഭാവങ്ങളിലായി ദേവിയെ ഭക്തർ ഇവിടെ ആരാധിച്ചു പോരുന്നു. ദേവിയെ കരിക്കകത്തമ്മ എന്ന പേരിലും ഭക്തർ പൊതുവേ സ്നേഹത്തോടെ വിളിക്കുന്നു.

തിരുവിതാംകൂർ രാജാക്കന്മാരുടെ ഭരണകാലത്ത് ഈ ക്ഷേത്രം ഒരു വലിയ നീതിപീഠമായി പ്രവർത്തിച്ചിരുന്നു. തർക്കങ്ങളോ കുറ്റകൃത്യങ്ങളോ ഉണ്ടാകുമ്പോൾ സത്യം തെളിയിക്കാനായി കുറ്റാരോപിതരെ ഇവിടുത്തെ രക്തചാമുണ്ഡി നടയിൽ കൊണ്ടുവരുമായിരുന്നു. അക്കാലത്തെ നിയമമനുസരിച്ച്, കുറ്റാരോപിതർ ക്ഷേത്രക്കുളത്തിൽ നീരാടി ഈ നടയ്ക്ക് മുന്നിലെത്തി 21 പണം സമർപ്പിക്കണം. തുടർന്ന് ദേവിയെ സാക്ഷിയാക്കി സത്യം ചെയ്യണം. കള്ളം പറയുന്നവരെ ദേവി കഠിനമായി ശിക്ഷിക്കുമെന്നും സത്യം പറയുന്നവരെ സംരക്ഷിക്കുമെന്നുമുള്ള വിശ്വാസം അത്രമേൽ ദൃഢമായിരുന്നു. ഈ ഭയം കാരണം ആരും അവിടെ നിന്ന് കള്ളം പറയാൻ മുതിർന്നിരുന്നില്ല. അതിനാൽ ഈ ക്ഷേത്രം 'സത്യത്തിന്റെ നട' എന്ന പേരിലാണ് അറിയപ്പെടുന്നത്.

കേരളീയ വാസ്തുവിദ്യയുടെയും തമിഴ് ശില്പകലയുടെയും അപൂർവ്വ സംഗമമാണ് കരിക്കകം ശ്രീ ചാമുണ്ഡേശ്വരി ദേവി ക്ഷേത്രം. പരമ്പരാഗത കേരള ക്ഷേത്രങ്ങളുടെ രീതിയിലുള്ള സമചതുരാകൃതിയിലുള്ള ചുറ്റുമതിലും, വിശാലമായ ചുറ്റമ്പലവും ശ്രീകോവിലും ഉൾക്കൊള്ളുന്ന രീതിയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. സാധാരണ കേരളത്തിലെ ക്ഷേത്രങ്ങളിൽ കണ്ടുവരുന്ന ചായംതേച്ച മേൽക്കൂരയും അതിലെ ചിത്രപ്പണികളും, കൊത്തുപണികളാൽ അലങ്കൃതമായ ശില്പ ഭംഗിയുടെ സമന്വയവും ഇവിടെ കാണാം. അതേസമയം, ഉയർന്ന പ്രധാന ഗോപുരം ദ്രാവിഡ വാസ്തുശൈലിയുടെ സ്വാധീനം പ്രകടമാക്കുന്നു. പടിഞ്ഞാറേ പ്രവേശന കവാടത്തിനു മുകളിൽ ഉയർന്നു നിൽക്കുന്ന ഗോപുരം പല നിലകളിലായി അലങ്കരിക്കപ്പെട്ടിരിക്കുന്നു. ഓരോ തലങ്ങളിലും ദേവീദേവന്മാരുടെ വർണശോഭയുള്ള വിഗ്രഹങ്ങൾ, യാളി രൂപങ്ങൾ, ഗണപതി, ശിവൻ, ദുർഗാദേവി തുടങ്ങിയ ദൈവരൂപങ്ങൾ, പുരാണകഥാപാത്രങ്ങൾ എന്നിവ സൂക്ഷ്മമായി രൂപകൽപ്പന ചെയ്തിരിക്കുന്നു. ശില്പങ്ങളിൽ കാണുന്ന ഭാവപ്രകടനവും ആഭരണവിശദാംശങ്ങളും ആരെയും അതിശയിപ്പിക്കുന്ന ഒന്നാണ്. വർണ്ണാഭമായ ചായംകൊണ്ടുള്ള അലങ്കാരം ദൂരത്തുനിന്നുതന്നെ ഭക്തരുടെ ശ്രദ്ധ ആകർഷിക്കുന്നു. ക്ഷേത്രത്തിന്റെ ഭിത്തികളിലും മണ്ഡപങ്ങളിലുമുള്ള ചുമർചിത്രങ്ങൾ കലാപാരമ്പര്യത്തിന്റെ മറ്റൊരു സമ്പത്താണ്. മണ്ഡപത്തിലെ തൂണുകളിലും ചെറു ശില്പവിശദാംശങ്ങൾ കാണാം, പുഷ്പാലങ്കാരങ്ങൾ, ദൈവചിഹ്നങ്ങൾ, ജ്യാമിതീയ ആകൃതികൾ എന്നിവ ചേർന്ന രൂപകൽപ്പന ക്ഷേത്രത്തിന്റെ കലാസൗന്ദര്യം വർധിപ്പിക്കുന്നു. ശ്രീകോവിലിന്റെ നിർമാണം ഗൗരവവും പാവനതയും പ്രകടിപ്പിക്കുന്ന തരത്തിലാണ്. ആകെക്കൂടി, വാസ്തുവിദ്യയും ശില്പകലയും ചിത്രകലയും ഒരുമിച്ചിണങ്ങിയ ഈ ക്ഷേത്രം ആത്മീയതയുടെ കേന്ദ്രമെന്നതിലുപരി കലാസൗന്ദര്യത്തിന്റെ സ്മാരകമായി നിലകൊള്ളുന്നു. ക്ഷേത്രത്തിനോട് ചേർന്ന് തന്നെ ഒരു ക്ഷേത്രക്കുളവും ഉണ്ട്, ഇതിൽ ശരീരശുദ്ധി വരുത്തിയാണ് ഭക്തർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത്.

പ്രധാന പ്രതിഷ്ഠ: പ്രധാന ശ്രീകോവിലിൽ വാഴുന്ന ദേവി ശ്രീ ചാമുണ്ഡേശ്വരിയാണ്, ചാമുണ്ഡാദേവി എന്ന പേരിലും അറിയപ്പെടുന്നു. ആദിപരാശക്തിയുടെ കാളീഭാവമായാണ് ഭഗവതിയെ ഇവിടെ ആരാധിക്കുന്നത്. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ ദേവീസാന്നിധ്യങ്ങളുടെ ഐക്യരൂപമായി ഈ ഭഗവതി സങ്കൽപ്പിക്കപ്പെടുന്നു. പുഞ്ചിരിയോടെ അനുഗ്രഹം ചൊരിയുന്ന ഭാവത്തിലുള്ള മനോഹരമായ പഞ്ചലോഹ വിഗ്രഹമാണ് ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. മുൻകാലങ്ങളിൽ, വെള്ളി മുഖത്തോടു കൂടിയ കലമാൻ കൊമ്പിലായിരുന്നു ദേവി പീഠത്തിൽ കുടികൊണ്ടിരുന്നത്. എന്നാൽ, ഭക്തർക്ക് ഭഗവതിയുടെ രൂപം നേരിട്ട് കണ്ട് തൊഴുത് പ്രാർത്ഥിക്കാനുള്ള സൗകര്യത്തിനായി ഒരു വിഗ്രഹപ്രതിഷ്ഠ വേണമെന്ന് ദേവപ്രശ്നത്തിൽ തെളിയുകയുണ്ടായി. തുടർന്ന് തച്ചുശാസ്ത്ര വിധിപ്രകാരം, പഴയ ശ്രീകോവിലിന്റെ അതേ അളവുകൾ നിലനിർത്തിക്കൊണ്ട് പുതിയ മന്ദിരം നിർമ്മിക്കപ്പെട്ടു. 1997 മാർച്ച് 21-ന് ഷടധാര വിധിപ്രകാരം ദേവിയെ അതിമനോഹരമായ പഞ്ചലോഹ വിഗ്രഹത്തിൽ ആവാഹിച്ചു പ്രതിഷ്ഠിച്ചു. ചുവന്ന പൂക്കൾ അർപ്പിച്ച് നടത്തുന്ന രക്തപുഷ്പാഞ്ജലിയാണ് ഇവിടെ പ്രധാന വഴിപാട്. മാറാരോഗങ്ങൾ മാറാനും ജീവിതത്തിലെ ദുരിതങ്ങൾ അകറ്റാനും അനേകം ഭക്തർ ആഴമുള്ള വിശ്വാസത്തോടെ ദേവിയുടെ സന്നിധിയിൽ എത്തുന്നു.

രക്ത ചാമുണ്ഡി: രക്ത ചാമുണ്ഡി ഉഗ്രവും രൗദ്രവുമായ കാളീഭാവത്തിലാണ് ഇവിടെ ആരാധിക്കപ്പെടുന്നത്. ഭദ്രകാളിയുടെ മഹത്തായ ചുവർചിത്രമാണ് ഈ നടയിൽ കാണപ്പെടുന്നത്, പ്രത്യേക പ്രതിഷ്ഠയില്ലാത്തതും ഈ സന്നിധിയുടെ പ്രത്യേകതയാണ്. ദേവീമാഹാത്മ്യം അനുസരിച്ച് ചണ്ഡികാദേവിയുടെ പുരികക്കോടിയിൽ നിന്ന് ഉദ്ഭവിച്ച് ചണ്ടനും മുണ്ടനും എന്ന അസുരന്മാരെ സംഹരിച്ച ശേഷമുള്ള അതി രൗദ്രഭാവമാണ് രക്ത ചാമുണ്ഡിയുടെ സങ്കൽപ്പം. അതുകൊണ്ടുതന്നെ ദേവിയെ ശക്തിനിവാസമായും ദുഷ്ടശക്തിനാശിനിയായും ഭക്തർ കാണുന്നു. സാധാരണയായി ഈ നട എപ്പോഴും അടഞ്ഞുകിടക്കുന്നു, “നടതുറപ്പ്” എന്ന പ്രത്യേക വഴിപാട് നടക്കുന്ന സമയത്ത് മാത്രം വാതിൽ തുറക്കപ്പെടുന്നു, അതും ഏകദേശം ഒരു മിനിറ്റ് ദർശനസമയത്തിനായി. ആ ക്ഷണിക ദർശനം നേടാൻ തന്നെ അനേകം ഭക്തർ കാത്തുനിൽക്കാറുണ്ട്. എല്ലാ ദിവസവും രാവിലെ 7:15 മുതൽ 11 മണി വരെയും, വൈകുന്നേരം 4:45 മുതൽ 6 മണി വരെയും ആണ് സമയം.

ഈ നടയിലെ മറ്റു പ്രധാനപ്പെട്ട വഴിപാട് ശത്രുസംഹാര പൂജയാണ്. ദുർമന്ത്രവാദ ദോഷങ്ങൾ, വിളിദോഷം, ദൃഷ്ടിദോഷം, കൈവിഷം എന്നിവയിൽ നിന്നുള്ള മുക്തിക്കും, പുതിയ സംരംഭങ്ങൾ തുടങ്ങുമ്പോൾ നേരിടുന്ന തടസ്സങ്ങൾ മാറുന്നതിനുമായി ആയിരക്കണക്കിന് ഭക്തർ ഇവിടെ എത്തി പ്രാർത്ഥിക്കുന്നു. ജാതകദോഷങ്ങളും ശത്രുക്കൾ മൂലമുള്ള ചതിപ്രയോഗങ്ങളും അകറ്റാൻ ഈ നടയിലെ ദർശനം അത്യുത്തമമാണെന്ന് വിശ്വസിക്കപ്പെടുന്നു. ദേവിക്ക് പ്രിയപ്പെട്ട കടുംപായസം, ചുവന്ന പട്ട്, പാവാട, തെറ്റിപ്പൂമാല എന്നിവയോടൊപ്പം കോഴി, കിടാവ് എന്നിവയെയും, സ്വർണ്ണത്തിലും വെള്ളിയിലുമുള്ള ആഭരണങ്ങളും ആയുധങ്ങളും ദേവിക്ക് വഴിപാടായി സമർപ്പിച്ച് അനുഗ്രഹം നേടാം. കരിക്കകം ക്ഷേത്രത്തിലെ ഏറ്റവും പ്രസിദ്ധവും ഏറ്റവും കൂടുതൽ തിരക്കേറിയതുമായ സന്നിധി ഇതാണ്.

ബാല ചാമുണ്ഡി: മറ്റു നടകളിൽ നിന്നും വ്യത്യസ്തമായി  കാളീഭാവത്തിന്റെ ഉഗ്രതയ്ക്കു വിരുദ്ധമായി, ഒരു കൊച്ചു പെൺകുട്ടിയുടെ രൂപത്തിൽ ഭഗവതിയെ സങ്കൽപ്പിച്ചിരിക്കുന്ന ഈ നടയിൽ വിഗ്രഹത്തിന് പകരം സൗമ്യരൂപത്തിലുള്ള ശ്രീബാലചാമുണ്ഡിദേവിയുടെ വരച്ച അതിമനോഹരമായ ചുവർ ചിത്രമാണ് ഇവിടെയുള്ളത്. ദേവീനടയ്ക്കും, രക്തചാമുണ്ഡിനടയ്ക്കും തൊട്ട് തെക്കു വശത്തായി ചണ്ടമുണ്ട നിഗ്രഹം കഴിഞ്ഞ് കോപമെല്ലാം ശമിച്ച് ശാന്തരൂപത്തില്‍ ദേവി കുടികൊള്ളുന്നു എന്നാണ് വിശ്വാസം. വിദ്യയുടെ ദേവിയായ സരസ്വതിയുടെ ചൈതന്യം കൂടി ബാലചാമുണ്ഡിയിൽ ഉണ്ടെന്നാണ് വിശ്വാസം. അതിനാൽ, കുട്ടികളുടെ ആരോഗ്യത്തിനും, വിദ്യാഭ്യാസ പുരോഗതിക്കും, ഐശ്വര്യത്തിനുമായി നിരവധി മാതാപിതാക്കൾ ദേവിയുടെ അനുഗ്രഹം തേടുന്നു. കൂടാതെ, മക്കളില്ലാത്ത ദമ്പതികൾ സന്താനലബ്ധിക്കായി തൊട്ടിൽ കെട്ടിയുള്ള പ്രത്യേക വഴിപാടുകളും പ്രാർത്ഥനയും ഇവിടെ നടത്താറുണ്ട്.

ഈ നട സാധാരണയായി അടഞ്ഞുകിടക്കുന്നതാണ്. “നടതുറപ്പ്” നടക്കുന്ന പ്രത്യേക സമയങ്ങളിൽ മാത്രം വാതിൽ തുറക്കപ്പെടുന്നു. അപ്പോഴും ഒന്നോ രണ്ടോ മിനിറ്റ് വരെയാണ് ദർശനസമയം ലഭിക്കുന്നത്. ആ കുറച്ച് നിമിഷങ്ങൾക്കുള്ളിൽ ദേവിയെ കാണുമ്പോൾ അനുഭവപ്പെടുന്ന ആത്മീയശാന്തിയും ദൈവികസ്നേഹവും ഭക്തഹൃദയങ്ങളെ നിറഞ്ഞൊഴുക്കുന്നു എന്നതാണ് വിശ്വാസം. അതിനായി ദൂരദേശങ്ങളിൽ നിന്നുപോലും ഭക്തർ ഒഴുകി എത്താറുണ്ട് ഇവിടെ. ദേവിക്ക് അതിപ്രിയമായ കടുംപായസം, ഉടയാടകൾ, പട്ടുതുണികൾ എന്നിവയ്‌ക്കൊപ്പം മുല്ലയും പിച്ചിയും കോർത്ത് ഒരുക്കിയ സുഗന്ധവാഹിയായ ഹാരങ്ങളും,  കുട്ടികളുടെ ഐശ്വര്യത്തിനും, ആരോഗ്യത്തിനും, ഉന്നമനത്തിനുമായി കളിപ്പാട്ടങ്ങൾ, സ്വർണ്ണവും വെള്ളിയും കൊണ്ടുള്ള ചെറുരൂപങ്ങൾ എന്നിവ അർപ്പിക്കുന്നതോടൊപ്പം കുഞ്ഞൂണും തുലാഭാരവും ഭക്തിപൂർവ്വം നടത്തിവരുന്നു.

ഇത് കൂടാതെ, ഉപദേവതകളായി മഹാഗണപതി, ധർമ്മ ശാസ്താവ്, ഭുവനേശ്വരി, നാഗരാജാവ്, ആയിരവില്ലീശ്വരൻ (മഹാദേവൻ), ഗുരു, മന്ത്രമൂർത്തി എന്നീ പ്രതിഷ്ഠകൾ കൂടി ഇവിടെയുണ്ട്. ശത്രുദോഷ പരിഹാരത്തിനായി സമർപ്പിക്കുന്ന രക്തപുഷ്പാഞ്ജലിയും, ഐശ്വര്യത്തിനായി നൽകുന്ന കടുമധുര പായസ നിവേദ്യവും ഭക്തർ പ്രധാനമായും നടത്തിവരുന്നു. മംഗല്യഭാഗ്യത്തിനായി പട്ടും താലിയും ചാർത്തുന്നതും, കാർഷിക സമൃദ്ധിക്കായി സമർപ്പിക്കുന്ന നിറപറയും ഇവിടുത്തെ പ്രധാന ആചാരങ്ങളിൽ ചിലതാണ്.

രിക്കകം ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ ഉത്സവനാളുകൾ ഭക്തമനസ്സുകളിൽ ഭക്തിയുടെ അമൃതവർഷം ചൊരിയുന്ന സുന്ദര നിമിഷങ്ങളാണ്. ദേവിയുടെ നക്ഷത്രമായ മീനമാസത്തിലെ മകം നക്ഷത്രത്തിൽ അരങ്ങേറുന്ന പൊങ്കാല മഹോത്സവം ഈ പുണ്യഭൂമിയിലെ ഏറ്റവും ശോഭായമാനമായ ചടങ്ങാണ്. ഏഴു നാൾ നീണ്ടുനിൽക്കുന്ന ഉത്സവത്തിന്റെ സമാപ്തി കുറിച്ച് നടക്കുന്ന ഈ മഹാസംഗമത്തിൽ, ലക്ഷക്കണക്കിന് സ്ത്രീ ഭക്തജനങ്ങളാണ് തങ്ങളുടെ പ്രാർത്ഥനകൾ കരിക്കകത്തമ്മയുടെ പാദങ്ങളിൽ അർപ്പിക്കാനായി ഒത്തുചേരുന്നത്. പണ്ട്, മന്ത്രമൂർത്തിയായും ഗുരുവുമായും ദേവിയെ ഈ മണ്ണിലേക്ക് ആനയിച്ചപ്പോൾ ഭക്തരായ സ്ത്രീകൾ പച്ചപ്പന്തലിന് കീഴിൽ മൺകലങ്ങളിൽ ഭക്തിപൂർവ്വം തയ്യാറാക്കിയ നിവേദ്യത്തിന്റെ ഓർമ്മ പുതുക്കലാണ് ഓരോ പൊങ്കാലയും.

കാലാന്തരത്തിൽ ക്ഷേത്ര നിർമ്മാണത്തിന് ശേഷം 'വച്ചുനിവേദ്യം' എന്ന പേരിൽ ഈ ചടങ്ങ് തുടർന്നു പോന്നു. എങ്കിലും, പുരാതനമായ ആ ഭക്തിപാരമ്പര്യം പൂർണ്ണതയോടെ വീണ്ടെടുക്കണമെന്ന അഷ്ടമംഗല ദേവപ്രശ്നത്തിലെ വിധിപ്രകാരമാണ് ഇന്നത്തെ രീതിയിലുള്ള പൊങ്കാല ആഘോഷം ആരംഭിച്ചത്. ദേവിയുടെ രാജകീയമായ പുറത്തെഴുന്നള്ളത്ത് കഴിഞ്ഞ് മടങ്ങി വരുമ്പോൾ, പഴയകാലത്തെ സ്മരണകളുണർത്തി ഭക്തർ മൺകലങ്ങളിൽ സമർപ്പിക്കുന്ന പൊങ്കാലയുടെ പുകപടലങ്ങൾ ആകാശത്തേക്ക് ഉയരുന്നത് കാണാൻ തന്നെ മനോഹരമാണ്. ഈ പുണ്യവേളയിൽ ദേവിയുടെ കൃപാകടാക്ഷത്തിനായി പ്രാർത്ഥിക്കുന്ന ഏവർക്കും അമ്മ സർവ്വ ഐശ്വര്യങ്ങളും അനുഗ്രഹങ്ങളും ചൊരിയുന്നുവെന്നാണ് ഭക്തരുടെ വിശ്വാസം. ഇതിനായി ലക്ഷക്കണക്കിന് സ്ത്രീകളാണ് ഇവിടെ എത്തുന്നത്.

കരിക്കകം ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം പോലെ തന്നെ ഭക്തമനസ്സുകളിൽ ഭക്തിയുടെ സുഗന്ധം നിറയ്ക്കുന്ന മറ്റൊരു വിശേഷപ്പെട്ട ചടങ്ങാണ് താലപ്പൊലി. ഉത്സവ നാളുകളിൽ ദേവിയുടെ എഴുന്നള്ളത്തിന് മാറ്റുകൂട്ടുന്ന ഈ ചടങ്ങിന് പിന്നിൽ അതിമനോഹരമായ ഒരു ഐതിഹ്യമുണ്ട്. പുരാതന കാലത്ത് ഗുരുവോടൊപ്പം ദേവി കരിക്കകം ദേശത്തേക്ക് എഴുന്നള്ളിയപ്പോൾ, ഒരു കൊച്ചു ബാലികയുടെ രൂപം പൂണ്ടാണ് ഭഗവതി അവരെ അനുഗമിച്ചത് എന്നാണ് സങ്കല്പം. ആ പുണ്യനിമിഷത്തിന്റെ ഓർമ്മ പുതുക്കലായാണ് ഇന്നും ഉത്സവനാളുകളിൽ കൊച്ചു ബാലികമാർ താലപ്പൊലിയേന്തി ദേവിയെ വരവേൽക്കുന്നത്. മംഗളകരമായ താലമേന്തി നിൽക്കുന്ന ബാലികമാരുടെ സാന്നിധ്യം ദേവിക്ക് ബാലരൂപത്തിലുള്ള ഒരു പുണ്യസമർപ്പണമായി ഭക്തർ കരുതുന്നു. ഈ വിശേഷപ്പെട്ട നേർച്ച സമർപ്പിക്കാനായി ഉത്സവകാലങ്ങളിൽ ബാലികമാരുടെ വലിയൊരു നിര തന്നെ ക്ഷേത്രത്തിൽ ദൃശ്യമാകാറുണ്ട്. ഭക്തിയും ലളിതസുന്ദരമായ ആചാരങ്ങളും ഇഴചേരുന്ന ഈ കാഴ്ച കരിക്കകം ക്ഷേത്രത്തിലെ ഉത്സവങ്ങൾക്ക് പകരം വെക്കാനില്ലാത്ത ചൈതന്യം നൽകുന്ന ഒന്നാണ്.

പ്രകൃതിസൗന്ദര്യവും ദൈവികവൈഭവവും സമന്വയിക്കുന്ന ഈ പുണ്യസ്ഥലം ചരിത്രപാരമ്പര്യത്തെയും ആത്മീയവിശ്വാസത്തെയും ഒരുമിപ്പിക്കുന്ന ദൈവസന്നിധിയായി ഇന്നും നിലകൊള്ളുന്നു.

പൂജാസമയക്രമം:

നിർമാല്യ ദർശനം (പ്രഭാത പൂജ) – രാവിലെ 05:00

അഭിഷേകം (ദേവിക്ക് അഭിഷേകം) – രാവിലെ 05:30

അലങ്കാര ദീപാരാധന – രാവിലെ 06:00

ഗണപതി ഹോമം – രാവിലെ 06:10

ഉഷപ്പൂജ (പ്രഭാത പൂജ) – രാവിലെ 06:30

ദീപാരാധന – രാവിലെ 07:00

ഉച്ചപ്പൂജ (മധ്യാഹ്ന പൂജ) – രാവിലെ 11:00

ദീപാരാധന – രാവിലെ 11:45

നട അടയ്ക്കൽ (ശ്രീകോവിൽ അടയ്ക്കൽ) – രാവിലെ 11:50

നട തുറക്കൽ (ശ്രീകോവിൽ തുറക്കൽ) – വൈകുന്നേരം 04:30

ദീപാരാധന – വൈകുന്നേരം 06:30

അത്താഴപ്പൂജ (സായാഹ്ന പൂജ) – വൈകുന്നേരം 07:30

ദീപാരാധന – രാത്രി 08:00

നട അടയ്ക്കൽ (ശ്രീകോവിൽ അടയ്ക്കൽ) – രാത്രി 08:10

പ്രധാന ക്ഷേത്ര വഴിപാടുകൾ:

നട തുറപ്പിക്കൽ, രക്ത പുഷ്പാഞ്ജലി, കടും പായസം, സ്വയംവരാർചന, സഹസ്രനാമാർചനനെയ്തി വിളക്ക്, പഞ്ചാമൃതാഭിഷേകം, പട്ടും താലിയും ചാർത്തൽ, അന്നദാനം.

കൂടുതൽ വിവരങ്ങൾക്ക്:      +91471 2500989 (Temple)

         +91471 2507671 (Office)

          karikkakomdevitemple@gmail.com

വഴിപാടുകൾ ബുക്ക് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക:

 





AKHILCHANDRIKA NEDUMANGAD THIRUVANANTHAPURAM +919446614358 +918802880044 THANK YOU അഖിൽചന്ദ്രിക നെടുമങ്ങാട് തിരുവനന്തപുരം +919446614358 +918802880044 നന്ദി.











Comments