കന്യാകുമാരി ജില്ലയിലെ കുലശേഖരത്തിന് സമീപം നന്ദിയാറിന്റെ പവിത്രമായ തീരത്താണ് പ്രസിദ്ധമായ 12 ശിവാലയങ്ങളിൽ (ശിവായോട്ടം) നാലാമത്തേതായ തിരുനന്ദിക്കര ശ്രീ നന്ദീശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തൃപ്പരപ്പ് മഹാദേവനെ തൊഴുതുവണങ്ങി ഏകദേശം 10 കിലോമീറ്റർ ദൂരം പിന്നിട്ടാണ് ഭക്തർ ഈ പുണ്യസങ്കേതത്തിൽ എത്തിച്ചേരുന്നത്. ഒൻപതാം നൂറ്റാണ്ടിൽ ആയ് രാജാക്കന്മാരുടെ കാലത്താണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു. പന്ത്രണ്ട് ശിവാലയങ്ങളിൽ വെച്ച് തികച്ചും കേരളീയ വാസ്തുശാസ്ത്ര ശൈലിയിൽ നിർമ്മിക്കപ്പെട്ട ക്ഷേത്രമെന്ന ഖ്യാതി ഇതിനുണ്ട്. ഇവിടെ പരമശിവൻ 'നന്ദീശ്വര' രൂപത്തിലാണ് ഭക്തർക്ക് ദർശനം നൽകുന്നത്. ശിവായോട്ടവുമായി ബന്ധപ്പെട്ട സവിശേഷമായ ഒരു ആചാരം ഇവിടെ നിലനിൽക്കുന്നു, ശിവായോട്ടത്തിലെ ആദ്യ തീർത്ഥാടകൻ ഓടി ഈ ക്ഷേത്രമുറ്റത്ത് പ്രവേശിക്കുന്ന നിമിഷമാണ് ഇവിടെ ഉത്സവത്തിന് കൊടിയേറുന്നത്. ഭക്തിയും ആചാരങ്ങളും ഇത്രമേൽ ഇഴചേർന്നു നിൽക്കുന്ന മറ്റൊരു ക്ഷേത്രം ശിവായോട്ട പാതയിൽ അപൂർവ്വമാണ്.
പുരാതന കേരളീയ
വാസ്തുശൈലിയിൽ കരിങ്കല്ലും തടിയും ഓടും മറ്റ് അസംസ്കൃത വസ്തുക്കളും കൊണ്ട് തീർത്ത
ഒരു നിർമ്മാണ വിസ്മയമാണ് ഈ ക്ഷേത്രം. വട്ടശ്രീകോവിൽ മാതൃകയിലുള്ള പ്രധാന
ക്ഷേത്രത്തിൽ പ്രപഞ്ചനാഥനായ ഭഗവാൻ ശിവൻ ഇവിടെ 'നന്ദീശ്വരൻ' ആയി കുടികൊള്ളുന്നു. സാധാരണ
ക്ഷേത്രങ്ങളിൽ കാണുന്നതിനേക്കാൾ പ്രൗഢമായ രൂപത്തിലാണ് ഇവിടുത്തെ പ്രതിഷ്ഠയും
സങ്കല്പവും. കൂടാതെ, നന്ദീസ്വരക്ഷേത്രത്തിനു അഭിമുഖമായി ഒരു
വിഷ്ണുക്ഷേത്രവും ഇവിടെയുണ്ട്. ക്ഷേത്രമതിൽക്കെട്ടിനുള്ളിലെ ചിത്രങ്ങളും
കൊത്തുപണികളും, സങ്കീർണ്ണമായ കൊത്തുപണികളാൽ അലംകൃതമായ കൽത്തൂണുകൾ, കല്ലിൽ
തീർത്ത മറ്റു ദേവീ ദേവന്മാരുടെയും, പുരാണങ്ങളിലെ കഥാസന്ദർഭങ്ങളെയും, അതിമനോഹരമായി കൊത്തി വെച്ചിരിക്കുന്നു. കൂടാതെ,
കലാപരമായ സൂക്ഷ്മതയോടെ കൊത്തിയെടുത്ത ബലിക്കൽ പീഠം ക്ഷേത്രത്തിന്റെ
ഐശ്വര്യവും ആത്മീയ ഗാംഭീര്യവും വർദ്ധിപ്പിക്കുന്നു. ഈ ക്ഷേത്രത്തിലെ മറ്റൊരു അത്ഭുതകരമായ
വിശ്വാസമാണ് ഇവിടുത്തെ നന്ദി വിഗ്രഹം. കാലപ്പഴക്കം ചെല്ലുന്തോറും ഈ
ശിലാവിഗ്രഹത്തിന്റെ വലിപ്പം വർദ്ധിച്ചുകൊണ്ടിരിക്കുന്നു എന്ന വിശ്വാസം കേവലമൊരു
ഐതിഹ്യമെന്നതിലുപരി,
ശാസ്ത്രീയ ലോകവും
ഭക്തജനങ്ങളും ഒരുപോലെ കൗതുകത്തോടെ നോക്കിക്കാണുന്ന പ്രതിഭാസമാണ്. ആത്മീയ
ചൈതന്യത്തിന്റെ ജീവസ്സുറ്റ അടയാളമായി ഭക്തർ ഈ വിഗ്രഹത്തെ വണങ്ങുന്നു. പ്രധാന
പ്രതിഷ്ഠയ്ക്കൊപ്പം ഗണപതി,
നാഗരാജാവ് തുടങ്ങിയ
ഉപദേവതകളുടെ സാന്നിധ്യം കൂടി ചേരുന്നതോടെ, ഈ പുണ്യ സങ്കേതം പരിപൂർണ്ണമായൊരു
ആത്മീയധാമമായി മാറുന്നു.
പ്രധാന ക്ഷേത്രത്തിന്
ഏകദേശം 50 മീറ്റർ വടക്കുകിഴക്കായി
സ്ഥിതി ചെയ്യുന്ന കൂറ്റൻ ശിലാശൃംഗവും അതിനുള്ളിലെ ഗുഹാക്ഷേത്രവുമാണ് ഇവിടുത്തെ
മറ്റൊരു പ്രധാന ആകർഷണം. രാജരാജ ചോളന്റെ ഭരണകാലത്ത് നിർമ്മിക്കപ്പെട്ടതെന്ന്
വിശ്വസിക്കപ്പെടുന്ന ഈ ഗുഹാക്ഷേത്രത്തിന് ചരിത്രപരമായ ഏറെ പ്രാധാന്യമുണ്ട്. വടക്കുഭാഗത്തുള്ള
കവാടത്തിലൂടെ ഗുഹയ്ക്കുള്ളിൽ പ്രവേശിച്ച് പടിഞ്ഞാറേ ദിശയിലുള്ള ഉൾഗുഹയിലെത്തിയാൽ, കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള
പവിത്രമായ ശിവലിംഗം ദർശിക്കാം. ഒൻപതാം നൂറ്റാണ്ടിലെ ചോള ഭരണകാലത്തെ നിർമ്മാണ
വൈഭവത്തിന്റെ നിത്യസാക്ഷ്യമായ ഈ ഗുഹാക്ഷേത്രം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ
(ASI) സംരക്ഷണയിലാണ്.
മലയാള ഭാഷയുടെ
ചരിത്രത്തിൽ തിരുനന്ദിക്കരയ്ക്ക് നിസ്തുലമായ സ്ഥാനമുണ്ട്. മലയാളത്തിന് 'ശ്രേഷ്ഠഭാഷാ' പദവി നേടിക്കൊടുക്കുന്നതിൽ നിർണ്ണായക
പങ്കുവഹിച്ച പ്രശസ്തമായ തിരുനന്ദിക്കര ശാസനം ഈ പാറയുടെ ഇരുവശങ്ങളിലുമായി കൊത്തിവെച്ചിട്ടുണ്ട്.
പുരാതന ലിഖിതങ്ങളാൽ സമ്പന്നമായ ഈ ശിലാരേഖകൾ കേരളത്തിന്റെ സാംസ്കാരികവും
ഭാഷാപരവുമായ വേരുകളെ അടയാളപ്പെടുത്തുന്നു. കൂടാതെ, ഈ ഗുഹയ്ക്കുള്ളിലെ ചുവരുകളിൽ
കാണപ്പെടുന്ന പുരാതനമായ ചുവർച്ചിത്രങ്ങൾ ദക്ഷിണേന്ത്യൻ ചിത്രകലയുടെ തനിമ
വിളിച്ചോതുന്നവയാണ്. ചരിത്രവും ഭാഷാശാസ്ത്രവും ഭക്തിയും ഒരേപോലെ സംഗമിക്കുന്ന ഈ
ക്ഷേത്രപരിസരം ഭക്തർക്കും, വിനോദസഞ്ചാരികൾക്കും
ചരിത്രവിദ്യാർത്ഥികൾക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്.
പ്രകൃതി കനിഞ്ഞനുഗ്രഹിച്ച
നന്ദിയാറിന്റെ തീരത്തെ ഈ ദർശനം ശിവായോട്ടം തീർത്ഥാടകർക്ക് വലിയൊരു മാനസികോർജ്ജമാണ്
നൽകുന്നത്. പച്ചപ്പാർന്ന വയലുകളും പാറക്കെട്ടുകളും നിറഞ്ഞ ഗ്രാമീണഭംഗി
ക്ഷേത്രത്തിന്റെ ആത്മീയതയ്ക്ക് മാറ്റുകൂട്ടുന്നു. വട്ടശ്രീകോവിലിനുള്ളിലെ
നന്ദീശ്വരനെ വണങ്ങി,
പുരാതനമായ ലിഖിതങ്ങളും
ഗുഹാക്ഷേത്രവും കണ്ടു മടങ്ങുന്ന ഏതൊരു ഭക്തനും തിരുനന്ദിക്കര ഒരു മറക്കാനാവാത്ത
അനുഭവമായിരിക്കും.


Comments
Post a Comment