കന്യാകുമാരി ജില്ലയിലെ,
തക്കലയ്ക്ക് സമീപം കൽക്കുളത്തിനടുത്ത് തിരുമേലാംങ്കോട് എന്ന ഗ്രാമത്തിൽ സ്ഥിതി
ചെയ്യുന്ന മേലാംങ്കോട് ശ്രീ മഹാദേവക്ഷേത്രം, അതിപ്രശസ്തമായ 12 ശിവാലയങ്ങളിൽ (ശിവായോട്ടം) എട്ടാമത്തേതാണ്. ഏഴാമത്തെ
ശിവാലയമായ കൽക്കുളത്ത് നിന്ന് ഏകദേശം 3
കിലോമീറ്റർ സഞ്ചരിച്ചാൽ ഈ
പുണ്യസങ്കേതത്തിൽ എത്തിച്ചേരാം. വേളിമലയുടെ മനോഹരമായ താഴ്വാരത്ത്, പച്ചപ്പാർന്ന പ്രകൃതിക്ക് നടുവിൽ സ്ഥിതി ചെയ്യുന്ന ഈ
ക്ഷേത്രം പ്രകൃതിഭംഗിയാലും ആത്മീയ ചൈതന്യത്താലും അനുഗൃഹീതമാണ്. മരണഭയത്തെ
ഇല്ലാതാക്കുന്ന 'കാലകാലൻ' എന്ന ഭാവത്തിലാണ് ഭഗവാൻ
ശിവനെ ഇവിടെ വാഴുന്നത്. ശാന്തവും എന്നാൽ ഗംഭീരവുമായ ഇവിടുത്തെ അന്തരീക്ഷം ഓരോ
തീർത്ഥാടകനും വലിയൊരു ആത്മീയ അനുഭവം സമ്മാനിക്കുന്നു.
ഐതിഹ്യമനുസരിച്ച് മാർക്കണ്ഡേയ
പുരാണവുമായി അഭേദ്യമായി ബന്ധമുണ്ട് ഈ ക്ഷേത്രത്തിന്. വളരെക്കാലം കുട്ടികൾ
ഇല്ലാതിരുന്ന മൃകണ്ഡു മഹർഷിയും മരുദ്വതിയും സന്താനത്തിനായി ശിവനെ തപസ്സു ചെയ്തു. തപസ്സിൽ
പ്രീതനായ ശിവൻ ദീർഘായുസ്സുള്ള ബുദ്ധിഹീനനായ മകനോ, അതോ പതിനാറു വയസ്സുവരെ മാത്രം
ജീവിക്കുന്ന ബുദ്ധിമാനായ മകനെയാണോ വേണ്ടത് എന്ന് ചോദിച്ചപ്പോൾ. അവർ
രണ്ടാമത്തെ വരം തിരഞ്ഞെടുത്തു,
അങ്ങനെ അതി ബുദ്ധിമാനായ
മാർക്കണ്ഡേയൻ ജനിച്ചു. മാർക്കണ്ഡേയൻ സകല കലകളിലും പണ്ഡിതനും വലിയ ശിവഭക്തനുമായി
വളർന്നു. കാലം കടന്നുപോയി, അവന് 16 വയസ്സ് തികയുന്ന
ദിവസമെത്തി. തന്റെ ആയുസ്സ് അവസാനിക്കാറായെന്ന് മനസ്സിലാക്കിയ മാർക്കണ്ഡേയൻ
ക്ഷേത്രത്തിലെ ശിവലിംഗത്തിന് മുന്നിലിരുന്ന് ഭക്തിയോടെ പ്രാർത്ഥിക്കാൻ തുടങ്ങി. മാർക്കണ്ഡേയന്റെ
ജീവൻ കൊണ്ടുപോകാനായി എത്തിയ യമദൂതന്മാർക്ക് അവന്റെ ഭക്തിചൈതന്യത്തിന് മുന്നിൽ
തോറ്റ് പിന്മാറേണ്ടി വന്നു. ഒടുവിൽ യമരാജൻ തന്റെ പോത്തിന്മുകളിൽ കയറി നേരിട്ടെത്തി
തന്റെ കാലപാശം (കയർ) മാർക്കണ്ഡേയന് നേരെ എറിഞ്ഞു. യമന്റെ പാശം കഴുത്തിൽ കുടുങ്ങാൻ
തുടങ്ങിയപ്പോൾ ഭയന്ന മാർക്കണ്ഡേയൻ അടുത്തുണ്ടായിരുന്ന ശിവലിംഗത്തെ മുറുകെ
കെട്ടിപ്പിടിച്ചു. യമൻ ശക്തിയായി കയർ വലിച്ചപ്പോൾ അത് ശിവലിംഗത്തിന് മേൽ
കുരുങ്ങുകയും ലിംഗത്തിന് ചെറിയൊരു ചരിവ് സംഭവിക്കുകയും ചെയ്തു. തന്റെ
ഭക്തനെ ഉപദ്രവിക്കുന്നത് കണ്ട് കോപിഷ്ഠനായ ഭഗവാൻ ശിവൻ ലിംഗത്തിൽ നിന്നും
പ്രത്യക്ഷപ്പെടുകയും, യമധർമ്മനെ തന്റെ
കാലുകൊണ്ട് തൊഴിച്ചു വീഴ്ത്തുകയും ചെയ്തു. ഭക്തനെ രക്ഷിക്കാൻ വേണ്ടി മൃത്യുവിന്റെ
ദേവനായ യമനെപ്പോലും ഭഗവാൻ പരാജയപ്പെടുത്തി. തുടർന്ന്, മാർക്കണ്ഡേയന് എന്നും പതിനാറ് വയസ്സുകാരനായി ഇരിക്കാനുള്ള
വരം നൽകി മഹാദേവൻ അനുഗ്രഹിച്ചു. അങ്ങനെ മാർക്കണ്ഡേയൻ ചിരഞ്ജീവിയായി മാറി.
മൃത്യുവിനെ അഥവാ മരണത്തെ ജയിച്ചവൻ എന്ന അർത്ഥത്തിൽ ശിവനെ 'മൃത്യുഞ്ജയൻ'
എന്ന് വിളിക്കാൻ ഈ കഥയാണ്
കാരണമായത്.
പുരാതന ഐതിഹ്യങ്ങളെ
ശരിവെക്കുന്ന വിധത്തിലാണ് മേലാംങ്കോട് ക്ഷേത്രത്തിലെ ശിവലിംഗ പ്രതിഷ്ഠയുടെ ഘടന.
ഇവിടുത്തെ ശിവലിംഗത്തിന് ഒരു വശത്തേക്ക് നേരിയ ചരിവുണ്ടെന്നതും, യമധർമ്മന്റെ പാശം കുരുങ്ങിയതുമൂലമുണ്ടായ പാടുകൾ ലിംഗത്തിൽ
ഇപ്പോഴും ദൃശ്യമാണെന്നതും ഭക്തരിൽ അത്ഭുതം നിറയ്ക്കുന്ന കാഴ്ചയാണ്. ഇത്തരത്തിലുള്ള
അപൂർവ്വമായ പ്രതിഷ്ഠാ സവിശേഷതയാണ് മേലാംങ്കോട് ക്ഷേത്രത്തെ മറ്റു ശിവക്ഷേത്രങ്ങളിൽ
നിന്നും വേറിട്ടു നിർത്തുന്നത്.
ദക്ഷിണ ഭാരതത്തിലെ
ദ്രാവിഡ വാസ്തുവിദ്യാ ശൈലിയുടെയും തിരുവിതാംകൂറിലെ തനതായ ക്ഷേത്രനിർമ്മാണ
രീതിയുടെയും അപൂർവ്വ സംഗമമാണ് മേലാംങ്കോട് ശ്രീ മഹാദേവക്ഷേത്രം. കരിങ്കല്ലിൽ
തീർത്ത ഈ ക്ഷേത്രത്തിന്റെ പ്രവേശന കവാടവും ഉയർന്ന ചുറ്റുമതിലും അതിലെ അതിമനോഹരമായ
കൊത്തുപണികളുള്ള കൽത്തൂണുകളും രാജകീയമായ പ്രൗഢി വിളിച്ചോതുന്നവയാണ്. തമിഴ് ശൈലിയിൽ
കരിങ്കല്ലിൽ തീർത്ത ശ്രീകോവിലിന് മുകളിലായി മനോഹരമായ കൊത്തുപണികളോടു കൂടിയ ചെറിയ
സ്വർണ്ണ ഗോപുരം ദർശിക്കാനാകും. പ്രധാന ശ്രീകോവിലിനുള്ളിൽ കാലകാലൻ സങ്കല്പത്തിലുള്ള
ശിവലിംഗമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ഭഗവാന് അഭിമുഖമായാണ് നന്ദികേശന്റെ സ്ഥാനം.
കരിങ്കല്ലിൽ തീർത്ത വിശാലമായ നടപ്പാതയും കലാപരമായ സൂക്ഷ്മതയോടെ കൊത്തിയെടുത്ത
ബലിക്കൽ പീഠവും ക്ഷേത്രത്തിന്റെ വാസ്തുഭംഗി വർദ്ധിപ്പിക്കുന്നു. പ്രധാന ദേവനായ
ശിവന് പുറമേ ഗണപതി, നാഗരാജാവ്, ദേവി ചെമ്പകവല്ലി അമ്മൻ, നീലപ്പിള്ള അമ്മൻ എന്നീ ഉപദേവതകളുടെ സാന്നിധ്യം ഈ സന്നിധിയെ
കൂടുതൽ ചൈതന്യവത്താക്കുന്നു. ക്ഷേത്രത്തോടു ചേർന്നുള്ള പവിത്രമായ തീർത്ഥക്കുളം
ഭക്തർക്ക് കുളിർമ്മയേകുന്ന കാഴ്ചയാണ്. മൃത്യുവിനെപ്പോലും ജയിച്ച കാലകാലന്റെ
സന്നിധിയിൽ 'മൃത്യുഞ്ജയ ഹോമം'
വഴിപാടായി നടത്തുന്നത് ജീവന്
സുരക്ഷിതത്വം നൽകുമെന്ന് ഭക്തർ വിശ്വസിക്കുന്നു.
മതപരമായും ചരിത്രപരമായും
ഏറെ പ്രാധാന്യമുള്ള ഈ പ്രദേശത്ത് മറ്റ് പുരാതന ആരാധനാലയങ്ങളും സ്ഥിതി
ചെയ്യുന്നുണ്ട്. മഹാദേവക്ഷേത്രത്തിന് തൊട്ടടുത്തായി പ്രസിദ്ധമായ മേലാംങ്കോട്
യക്ഷിയമ്മൻ ക്ഷേത്രം കാണാം. വളരെ ശക്തിയുള്ള ദേവതാ സങ്കല്പമായിട്ടാണ് യക്ഷിയമ്മനെ
ഇവിടുത്തെ നാട്ടുകാർ ആരാധിക്കുന്നത്. ശിവക്ഷേത്ര ദർശനത്തിനൊപ്പം തന്നെ ഭക്തർ
യക്ഷിയമ്മന്റെ സന്നിധിയിലും എത്താറുണ്ട്. കൂടാതെ, ഇവിടെ നിന്നും കേവലം അര
കിലോമീറ്റർ മാത്രം അകലെയാണ് പ്രശസ്തമായ വേളിമല കുമാരകോവിൽ. മുരുകൻ വള്ളിദേവിയെ
വിവാഹം കഴിച്ചയിടമായി കരുതപ്പെടുന്ന ഈ കുന്നിൻ പ്രദേശം ദക്ഷിണ തമിഴ്നാട്ടിലെ
പ്രധാന തീർത്ഥാടന കേന്ദ്രമാണ്.
മഹാശിവരാത്രി നാളിലെ
ശിവായോട്ടം തീർത്ഥാടനത്തിൽ ഭക്തർക്ക് മാനസികമായ വലിയൊരു കരുത്ത് നൽകുന്ന ഇടമാണ് മേലാംങ്കോട്
ശ്രീ മഹാദേവക്ഷേത്രം. കൽക്കുളം ശ്രീ നീലകണ്ഠസ്വാമി ക്ഷേത്രത്തിൽ നിന്ന്
"ഗോവിന്ദാ ഗോപാലാ" എന്ന നാമജപത്തോടെ ഓടിയെത്തുന്ന ഭക്തർ മാർക്കണ്ഡേയനെ
രക്ഷിച്ച കാളകാലനെ തൊഴുതു വണങ്ങി തങ്ങളുടെ വ്രതം തുടരുന്നു. മരണഭയമില്ലാതെ
ജീവിതയാത്ര തുടരാൻ ഭഗവാന്റെ അനുഗ്രഹം ഇവിടെ നിന്നും ലഭിക്കുമെന്നാണ് വിശ്വാസം.
ഇവിടെ ദർശനം പൂർത്തിയാക്കിയ ശേഷമാണ് ഭക്തർ ഒൻപതാമത്തെ ശിവാലയമായ
തിരുവിതാങ്കോട്ടേക്ക് തിരിക്കുന്നത്. വിശ്വാസവും ഐതിഹ്യവും ചരിത്രവും ഒത്തുചേരുന്ന
മേലാങ്കോട് മഹാദേവ ക്ഷേത്രം ഭാരതീയ സംസ്കാരത്തിന്റെ അമൂല്യമായ ഒരു കണ്ണിയായി
ഇന്നും നിലകൊള്ളുന്നു.


Comments
Post a Comment