കൽക്കുളം ശ്രീ നീലകണ്ഠസ്വാമി ക്ഷേത്രം

കന്യാകുമാരി ജില്ലയിലെ തക്കലയ്ക്ക് സമീപം ചരിത്രപ്രസിദ്ധമായ പത്മനാഭപുരം കൊട്ടാരത്തിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന കൽക്കുളം ശ്രീ നീലകണ്ഠസ്വാമി ക്ഷേത്രം, ദക്ഷിണേന്ത്യയിലെ വിശിഷ്ടമായ 12 ശിവാലയങ്ങളിൽ (ശിവായോട്ടം) ഏഴാമത്തേതാണ്. ആറാം ശിവാലയമായ പന്നിപ്പാകത്ത് നിന്ന് ഏകദേശം ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ ഈ പുണ്യസങ്കേതത്തിൽ എത്തിച്ചേരാം. വേണാട് രാജവംശത്തിന്റെ ആദ്യകാല ആസ്ഥാനമായിരുന്ന കൽക്കുളത്തിന്റെ പ്രൗഢി വിളിച്ചോതുന്നതാണ് ഈ ക്ഷേത്രം.

ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ലോകരക്ഷാർത്ഥം വിഷപാനം ചെയ്ത ഭഗവാൻ ശിവന്റെ 'നീലകണ്ഠ' ഭാവമാണ്. അതീവ ചൈതന്യവത്തായ ഈ പ്രതിഷ്ഠയോടൊപ്പം തന്നെ തുല്യ പ്രാധാന്യത്തോടെ ദേവി ആനന്ദവല്ലി അമ്മൻ  പ്രതിഷ്ഠയും ഉണ്ട്. അതിനാൽ ഭക്തർ ശിവ-ശക്തി സംഗമഭൂമിയായാണ് ഈ ക്ഷേത്രത്തെ കണക്കാക്കപ്പെടുന്നത്. കൂടാതെ, ശിവാലയ ഓട്ടത്തിൽ ഉൾപ്പെടുന്ന 12 ക്ഷേത്രങ്ങളിൽ പാർവ്വതി ദേവിക്ക് പ്രത്യേക പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണിത്. ഐതിഹ്യങ്ങൾ പ്രകാരം, അമൃതിനായി ദേവന്മാരും അസുരന്മാരും ചേർന്ന് മന്ദരപർവ്വതം മത്തായി ഉപയോഗിച്ച് പാലാഴി കടഞ്ഞപ്പോൾ, ലോകത്തെ മുഴുവൻ നശിപ്പിക്കാൻ ശേഷിയുള്ള 'ഹലാഹലം' എന്ന മാരകവിഷം ഉയർന്നുവന്നു. ആപത്തിൽപ്പെട്ട പ്രപഞ്ചത്തെ രക്ഷിക്കാൻ കാരുണ്യമൂർത്തിയായ ശിവൻ ആ വിഷം പാനം ചെയ്തു. ഭഗവാന്റെ ഉള്ളിലേക്ക് വിഷം ചെന്ന് അപകടമുണ്ടാകാതിരിക്കാൻ പത്നിയായ ശ്രീപാർവ്വതി ഉടൻതന്നെ അദ്ദേഹത്തിന്റെ കണ്ഠത്തിൽ (കഴുത്തിൽ) മുറുകെ പിടിച്ചു. പാർവ്വതിയുടെ ശക്തിയാൽ വിഷം ഉള്ളിലേക്ക് ഇറങ്ങുകയോ പുറത്തേക്ക് വരികയോ ചെയ്യാതെ തൊണ്ടയിൽ തന്നെ തങ്ങിനിന്നു. വിഷത്തിന്റെ തീവ്രത കൊണ്ട് ഭഗവാന്റെ കണ്ഠം നീലനിറമായി മാറി. ഇതോടെയാണ് ഭഗവാൻ ശിവൻ നീലകണ്ഠനായി മാറിയത്. ശിവന്റെ വാഹനമായ നന്ദികേശൻ, ഗർഭഗൃഹത്തിന് അഭിമുഖമായി മഹാദേവനെ നോക്കി നിൽക്കുന്ന ഭാവത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.

കേരളീയ, ദ്രാവിഡ വാസ്തുവിദ്യാ ശൈലിയുടെ  അതിമനോഹരമായ ഒരു സമന്വയമാണ് ഈ ക്ഷേത്രം, കരിങ്കൽ, തടി, ഓട് മറ്റ് അസംസ്കൃത വസ്തുക്കൾ കൊണ്ടാണ് ഈ ക്ഷേത്രം അതിമനോഹരമായി നിർമ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ ഉയർന്നുനിൽക്കുന്ന ഏഴു നിലകളുള്ള ഗോപുരം തഞ്ചാവൂർ ശില്പകലയുടെ മാതൃകയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിൽ, ഹിന്ദു പുരാണങ്ങളിലെ ദേവി ദേവന്മാർ, മുനിമാർ, പുരാണകഥകളിലെ സന്ദർഭങ്ങൾ, തുടങ്ങി നിരവധി ശില്പങ്ങൾ ഗോപുരത്തിൽ കൊത്തി വച്ചിട്ടുണ്ട്. ഈ ഗോപുരം ക്ഷേത്രത്തിന്റെ രാജപ്രതാപത്തെ വിളിച്ചോതുന്നു. കരിങ്കല്ലിൽ തീർത്ത വിശാലമായ ചുറ്റമ്പലവും, അതിൽ അതിമനോഹരമായ കൊത്തുപണികളുള്ള കൽത്തൂണുകളും, അതീവ സൂക്ഷ്മതയോടെ കൊത്തി വെച്ചിരിക്കുന്ന മറ്റു ശില്പങ്ങളും കാണാൻ കഴിയും. ആകാശമുയർന്ന ക്ഷേത്ര കൊടിമരവും, കൂടാതെ, കലാപരമായ സൂക്ഷ്മതയോടെ കൊത്തിയെടുത്ത ബലിക്കൽ പീഠം ക്ഷേത്രത്തിന്റെ ഐശ്വര്യവും ആത്മീയ ഗാംഭീര്യവും വർദ്ധിപ്പിക്കുന്നു. ക്ഷേത്രമതിലിലെ പുരാതന ശിലാലിഖിതങ്ങൾ മധ്യകാലത്തെ ഭരണരീതികളെകുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ നൽകുന്നു. ക്ഷേത്രത്തിനോട് ചേർന്നുള്ള തീർത്ഥകുളവും, കുളത്തിന്റെ മധ്യഭാഗത്തായി നിർമ്മിച്ചിരിക്കുന്ന കൽമണ്ഡപവും ഈ ജലാശയത്തിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു. അതോടൊപ്പം, തമിഴ് വാസ്തുശൈലിയിൽ കുളത്തിന് ചുറ്റും നിർമ്മിച്ചിട്ടുള്ള കൽപ്പടവുകൾ ക്ഷേത്രക്കുളത്തിലെ മറ്റൊരു ആകർഷണമാണ്. ഈ ക്ഷേത്രക്കുളത്തിന്റെ മറ്റൊരു കരയിലായി ശ്രീ വലംപുരി വിനായകർ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഗണപതി, ശാസ്താവ്, മുരുകൻ, ദക്ഷിണാമൂർത്തി, ചണ്ഡികേശ്വരൻ തുടങ്ങിയ ഉപദേവതകളുടെ സാന്നിധ്യം ഈ ക്ഷേത്രനടയെ കൂടുതൽ പരിപാവനമാക്കുന്നു. 1744-ൽ മാർത്താണ്ഡവർമ്മ മഹാരാജാവ് പത്മനാഭപുരത്തെ തലസ്ഥാനമായി തിരഞ്ഞെടുത്തതോടെ ഈ ക്ഷേത്രത്തിന് വലിയ പ്രാധാന്യം ലഭിച്ചു.

മഹാശിവരാത്രി നാളിലെ പ്രസിദ്ധമായ ശിവയോട്ടം തീർത്ഥാടനത്തിൽ കൽക്കുളം ശ്രീ നീലകണ്ഠസ്വാമി ക്ഷേത്രം വളരെ പ്രാധാന്യമർഹിക്കുന്നു. ആറാം ശിവാലയത്തിൽ നിന്ന് വ്രതശുദ്ധിയോടെ ഓടിയെത്തുന്ന ഭക്തർക്ക് പകുതി ദൂരം പിന്നിട്ട ആശ്വാസവും ഇവിടുത്തെ ദർശനം നൽകുന്നു. "ഗോവിന്ദ ഗോപാലാ" എന്ന നാമജപം പത്മനാഭപുരത്തെ തെരുവുകളിൽ ആ സമയം മുഴങ്ങിക്കേൾക്കാം. ഈ സന്നിധിയിൽ നിന്ന് അനുഗ്രഹം തേടിയതാണ് ഭക്തർ എട്ടാമത്തെ ശിവാലയമായ മേലാങ്കോട്ടേക്ക് (കാളകാലർ ക്ഷേത്രം) തിരിക്കുന്നത്. രഥോത്സവം ആഘോഷിക്കുന്ന ശിവാലയ ഓട്ടത്തിലെ ഏക ക്ഷേത്രം എന്ന നിലയിൽ ഇവിടുത്തെ ഉത്സവങ്ങളും ആചാരങ്ങളും തമിഴ്-മലയാള സംസ്കാരങ്ങളുടെ ഒത്തുചേരലിന് വേദിയാകുന്നു. ചരിത്രവും, ഭക്തിയും, വാസ്തുവിദ്യാ ചാരുതയും സംഗമിക്കുന്ന കൽക്കുളം ശ്രീ നീലകണ്ഠസ്വാമി ക്ഷേത്രം, തിരുവിതാംകൂർ രാജവംശത്തിന്റെയും ഭാരതീയ സംസ്കാരത്തിന്റെയും അനശ്വരമായ ഒരു പൈതൃക അടയാളമായി ഇന്നും ശോഭിക്കുന്നു.







AKHILCHANDRIKA NEDUMANGAD THIRUVANANTHAPURAM +919446614358 +918802880044 THANK YOU അഖിൽചന്ദ്രിക നെടുമങ്ങാട് തിരുവനന്തപുരം +919446614358 +918802880044 നന്ദി.











Comments