കന്യാകുമാരി ജില്ലയിലെ
തക്കലയ്ക്ക് സമീപം കോതനല്ലൂർ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പന്നിപ്പാകം ശ്രീ
മഹാദേവ ക്ഷേത്രം, പ്രസിദ്ധമായ 12
ശിവാലയങ്ങളിൽ
(ശിവായോട്ടം) ആറാമത്തേതാണ്. അഞ്ചാം ശിവാലയമായ പൊന്മനയിൽ നിന്ന് ഏകദേശം 12
കിലോമീറ്റർ സഞ്ചരിച്ചാൽ ഈ
പുണ്യസങ്കേതത്തിൽ എത്തിച്ചേരാം. പച്ചപ്പാർന്ന വയലുകൾക്കും ഗ്രാമീണ തനിമയ്ക്കും
നടുവിൽ നിലകൊള്ളുന്ന ഈ ക്ഷേത്രം ഐതിഹ്യപരമായ പ്രാധാന്യം കൊണ്ട് ഏറെ ശ്രദ്ധേയമാണ്. മഹാഭാരത
കഥയുമായി ബന്ധപ്പെട്ട്, അർജ്ജുനന്‍ ശിവനില്‍ നിന്നും പാശുപതാസ്ത്രം നേടിയ കഥയുമായി
ബന്ധപ്പെട്ടുകിടക്കുന്ന ഇവിടുത്തെ വിശ്വാസങ്ങൾ ഓരോ ഭക്തനിലും വലിയ കൗതുകവും
ഭക്തിയും ഉണർത്തുന്നവയാണ്.
ശിവൻ 'കിരാതമൂർത്തി'
ഭാവത്തിൽ കുടികൊള്ളുന്ന
പന്നിപ്പാകം ശ്രീ മഹാദേവക്ഷേത്രം ഐതിഹ്യങ്ങളാൽ സമ്പന്നമായ ഒരു പുണ്യഭൂമിയാണ്.
പാശുപതാസ്ത്രത്തിനായി അർജ്ജുനൻ തപസ്സുചെയ്യവേ, മൂകാസുരൻ എന്ന അസുരൻ കാട്ടുപന്നിയുടെ രൂപം ധരിച്ച്
അർജ്ജുനനെ ആക്രമിക്കാൻ എത്തി. ഇത് മനസ്സിലാക്കിയ അർജുനൻ അതിനെ ലക്ഷ്യമാക്കി
അമ്പെയ്തതും, അതേ സമയം കിരാതവേഷത്തിൽ എത്തിയ ശിവനും അമ്പെയ്തതു. രണ്ട്
അമ്പും പന്നിയുടെ ദേഹത്ത് തറച്ചു, കാട്ടുപന്നിയുടെ രൂപം
ധരിച്ച മൂകാസുരൻ മരിച്ചുവീണു. തുടർന്ന് വേട്ടമൃഗത്തിന്റെ
ഉടമസ്ഥാവകാശത്തെച്ചൊല്ലിയുണ്ടായ തർക്കം യുദ്ധമായി മാറുകയും, തന്റെ മുഴുവൻ വീര്യവും പ്രയോഗിച്ചിട്ടും കിരാതനെ
തോൽപ്പിക്കാൻ കഴിയാതെ വന്നപ്പോൾ, അർജ്ജുനൻ ഒരു ശിവലിംഗം
നിർമ്മിച്ച് ഭക്തിപൂർവ്വം പൂജിച്ചു. താൻ അർപ്പിച്ച പുഷ്പങ്ങൾ കിരാതന്റെ ശിരസ്സിൽ
ചെന്നു വീഴുന്നത് കണ്ടാണ് തന്റെ മുന്നിലുള്ളത് സാക്ഷാൽ മഹാദേവനാണെന്ന് അദ്ദേഹം
തിരിച്ചറിഞ്ഞത്. ഉടൻ തന്നെ വിനയത്തോടെ ശിവന്റെ പാദങ്ങളിൽ വീണ അർജ്ജുനനെ മഹാദേവൻ
അഹങ്കാരം ശമിപ്പിച്ച് പാശുപതാസ്ത്രം നൽകി അനുഗ്രഹിച്ചു. കാട്ടുപന്നിയുടെ
രൂപത്തിലെത്തിയ അസുരനെ വധിച്ച ഇടമായതിനാലാണ് ഇവിടം 'പന്നിപ്പാകം' എന്നറിയപ്പെടുന്നത്. ഭഗവാൻ അർജ്ജുനനെ അനുഗ്രഹിച്ച ഈ
സന്നിധിയിൽ പ്രാർത്ഥിക്കുന്നത് ആഗ്രഹസാഫല്യത്തിന് അത്യുത്തമമാണെന്നാണ് വിശ്വാസം.
കേരള,
തമിഴ്നാട് വാസ്തുവിദ്യാ ശൈലിയുടെ സമന്വയമാണ് ഈ ക്ഷേത്രം, കരിങ്കൽ, തടി, ഓട് മറ്റ് അസംസ്കൃത വസ്തുക്കൾ കൊണ്ടാണ് ഈ
ക്ഷേത്രം അതിമനോഹരമായാണ് നിർമ്മിച്ചിരിക്കുന്നത്. സങ്കീർണ്ണമായ കൊത്തുപണികളാൽ അലംകൃതമായ കൽത്തൂണുകൾ, കല്ലിൽ
തീർത്ത മറ്റു ദേവീ ദേവന്മാരുടെയും,
പുരാണങ്ങളിലെ കഥാസന്ദർഭങ്ങളെയും, അതിമനോഹരമായി കൊത്തി വെച്ചിരിക്കുന്നു. കരിങ്കല്ലിൽ
തീർത്ത ശ്രീകോവിലും അതിനു മുകളിലെ മനോഹരമായ ഗോപുരം, ഗോപുരത്തിന് ചുറ്റുമുള്ള ദേവി ദേവന്മാരുടെ കൊത്തുപണികളും പുരാതനകാലത്തെ
ശില്പകലയുടെ ഔന്നത്യം വിളിച്ചോതുന്നു. കൂടാതെ, കലാപരമായ സൂക്ഷ്മതയോടെ കൊത്തിയെടുത്ത
ബലിക്കൽ പീഠം ക്ഷേത്രത്തിന്റെ ഐശ്വര്യവും ആത്മീയ ഗാംഭീര്യവും വർദ്ധിപ്പിക്കുന്നു. സ്വയംഭൂ
ശിവലിംഗമാണ് ശ്രീകോവലിനുള്ളിലെ പ്രതിഷ്ഠ, ഇവിടെയുള്ള നന്ദി വിഗ്രഹം
ഭഗവാനഭിമുഖമായി ആണ് ഇരിക്കുന്നത്. ശിവഭഗവാന്റെ ഉഗ്രരൂപമായ കാലഭൈരവന്റെ, കന്യാകുമാരി ജില്ലയിലെ ഏറ്റവും വലിയ പ്രതിഷ്ഠ ഇവിടെയാണ്, ഭൈരവന്റെ വാഹനമായ നായയും ഇവിടെ
പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്. ശത്രുദോഷ പരിഹാരത്തിനായി ഭക്തർ ഇവിടെ കാളഭൈരവനെ
വലിയ പ്രാധാന്യത്തോടെ ആരാധിക്കുന്നു. കൂടാതെ ഗണപതി, ധർമ്മശാസ്താവ്, നാഗരാജാവ് തുടങ്ങിയ ഉപദേവതകളുടെ സാന്നിധ്യം ഈ സന്നിധിയെ
കൂടുതൽ ചൈതന്യവത്താക്കുന്നു. ക്ഷേത്രത്തിന് സമീപത്തുള്ള മനോഹരമായ തീർത്ഥക്കുളം
ഭക്തർക്ക് ആത്മീയമായ കുളിർമ്മ നൽകുന്ന ഒന്നാണ്. ശിവായോട്ടം വേളയിൽ ഈ കുളത്തിൽ
മുങ്ങി നീരാടിയാണ് ഭക്തർ ദർശനം പൂർത്തിയാക്കുന്നത്. ക്ഷേത്രത്തിലെ പൂജകളും
ഉത്സവങ്ങളും വളരെ ചിട്ടയോടെയാണ് ഇന്നും നടന്നുവരുന്നത്.
മഹാശിവരാത്രി നാളിലെ
ശിവായോട്ടം തീർത്ഥാടനത്തിലെ മധ്യഘട്ടമാണ് പന്നിപ്പാകം ക്ഷേത്രം. അഞ്ച് ക്ഷേത്രങ്ങൾ
ഓടിത്തീർത്ത് ക്ഷീണിതരായി എത്തുന്ന ഭക്തർക്ക് ഇവിടുത്തെ കിരാതമൂർത്തി ദർശനം
പുതിയൊരു ഊർജ്ജം നൽകുന്നു. "ഗോവിന്ദാ ഗോപാലാ" എന്ന നാമജപത്താൽ ആ സമയം
ക്ഷേത്രപരിസരം മുഖരിതമാകും. ഇവിടെ നിന്നും ഭക്തർ തങ്ങളുടെ യാത്ര തുടർന്ന് ഏഴാമത്തെ
ശിവാലയമായ കൽക്കുളം ശ്രീ നീലകണ്ഠസ്വാമി ക്ഷേത്ര സന്നിധിയിലേക്ക് നീങ്ങുന്നു.
ആത്മീയതയും ചരിത്രവും ഐതിഹ്യങ്ങളും ഒരേ താളത്തിൽ സംഗമിക്കുന്ന പന്നിപ്പാകം
ക്ഷേത്രം ഭാരതീയ സംസ്കാരത്തിന്റെ ജീവിക്കുന്ന അടയാളമാണ്.


Comments
Post a Comment