കന്യാകുമാരി ജില്ലയിലെ കുലശേഖരത്തിനടുത്ത്, മഹേന്ദ്രഗിരിയുടെ താഴ്വരകളിൽ നിന്നുത്ഭവിച്ചൊഴുകുന്ന പുണ്യനദിയായ പയസ്വിനിയുടെ തീരത്താണ് പ്രകൃതിരമണീയമായ പൊന്മന ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത്, ആത്മീയതയുടെയും പ്രകൃതിഭംഗിയുടെയും അപൂർവ്വ സംഗമമായി ശ്രീ തിമ്പിലേശ്വര മഹാദേവ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടെ ശ്രീ മഹാദേവൻ തിമ്പിലേശ്വരൻ എന്ന നാമത്തിൽ അറിയപ്പെടുന്നത്. ദക്ഷിണേന്ത്യയിലെ അതിപ്രശസ്തമായ പന്ത്രണ്ട് ശിവാലയങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള 'ശിവായോട്ടം' എന്ന പുണ്യയാത്രയിലെ അഞ്ചാമത്തെ സന്നിധിയാണിത്. നാലാം ശിവാലയമായ തിരുനന്ദിക്കരയിൽ നിന്ന് ഏകദേശം എട്ട് കിലോമീറ്റർ ദൂരത്തായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം, പ്രകൃതിയും ദൈവീകതയും ഒന്നാകുന്ന അനുഭൂതിയാണ് ഭക്തർക്ക് സമ്മാനിക്കുന്നത്.
കേരളത്തിലെ പുരാതന
ക്ഷേത്ര വാസ്തുവിദ്യാ ശൈലിയിൽ കരിങ്കല്ലും, തടിയും, ഓടും, മറ്റ് അസംസ്കൃത വസ്തുക്കളും കൊണ്ട് നിർമ്മിച്ചതാണ് ഈ ക്ഷേത്രം. വട്ടശ്രീകോവിലാണ്
ഈ ക്ഷേത്രത്തിന്റെ പ്രധാന ആകർഷണം. കരിങ്കല്ലിൽ തീർത്ത ശ്രീകോവിലിനുള്ളിലെ
സ്വയംഭൂവായ ശിവലിംഗം അതീവ ചൈതന്യവത്താണ്. ക്ഷേത്രത്തിൻറെ മുന്നിലാണ് നന്ദികേശന്റെ
പ്രതിഷ്ഠ. ക്ഷേത്ര മതിലിലെ ശിലാലിഖിതങ്ങൾ പാണ്ഡ്യ-ചോള
രാജാക്കന്മാരുടെ ഭരണകാലത്തെക്കുറിച്ച് സൂചനകൾ നൽകുന്നു. തടിയിൽ തീർത്ത മനോഹരമായ കൊത്തുപണികളും
കൽത്തൂണുകളിലെ ദേവീദേവന്മാരുടെ ശില്പങ്ങളും അന്നത്തെ ശില്പികളുടെ കലാപരമായ
ഔന്നത്യം വിളിച്ചോതുന്നവയാണ്. ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദക്ഷിണ വഴികളും
ബലിക്കൽ പീഠവും പരമ്പരാഗതമായ ക്ഷേത്ര നിർമ്മാണ രീതിയുടെ പ്രൗഢി
വെളിപ്പെടുത്തുന്നു. ഗണപതി,
നാഗരാജാവ്, ശാസ്താവ്, തുടങ്ങിയ ഉപദേവതകളുടെ
സാന്നിധ്യം ഈ ക്ഷേത്രത്തെ കൂടുതൽ പാവനമാക്കുന്നു. പ്രധാന ശ്രീകോവിലിന് പുറത്തായി
ഭക്തർ വലിയ പ്രാധാന്യത്തോടെ ആരാധിക്കുന്ന ഈ ഉപദേവതകൾ ക്ഷേത്രത്തിന്റെ ആത്മീയ
അന്തരീക്ഷത്തിന് പൂർണ്ണത നൽകുന്നു. ക്ഷേത്രത്തോട് ചേർന്നുതന്നെയുള്ള മനോഹരമായ കുളം
ഭക്തർക്ക് മനസ്സിനും ശരീരത്തിനും കുളിർമ്മ നൽകുന്ന ഒന്നാണ്. ശിവായോട്ടം വേളയിൽ ഈ
കുളത്തിൽ മുങ്ങി നീരാടിയാണ് ഭക്തർ ദർശനം നടത്തുന്നത്. ക്ഷേത്രത്തിൽ നടക്കുന്ന പ്രഭാത
പൂജയും സന്ധ്യാ ദീപാരാധനയും കണ്ടുനിൽക്കുന്നത് മനസ്സിന് വലിയ ശാന്തി പകരുന്ന
അനുഭവമാണ്.
ക്ഷേത്ര പ്രതിഷ്ഠയുമായി
ബന്ധപ്പെട്ട് ഒരു ഐതിഹ്യം നിലനിൽക്കുന്നുണ്ട്. പണ്ട് ഈ പ്രദേശം കാടായിരുന്ന
സമയത്ത് ഒരു പ്രദേശവാസി പശുക്കൾക്ക് ആഹാരത്തിനു വേണ്ടി പുല്ലു ചെത്തുന്നതിനിടെ
കയ്യിലുണ്ടായിരുന്ന അരിവാൾ അബദ്ധത്തിൽ ഒരു ശിലയിൽ തട്ടുകയും ഉടൻ തന്നെ അതിൽ
നിന്നും രക്തം വരാൻ തുടങ്ങുകയും ചെയ്തു. ഭയന്നുപോയ അദ്ദേഹം വിവരം നാട്ടുകാരെ
അറിയിക്കുകയും പിന്നീട് നടത്തിയ പരിശോധനയിൽ അതൊരു ശിവലിംഗമാണെന്ന് തിരിച്ചറിയുകയും
ചെയ്തു. നാട്ടുകാർ ഉടൻ തന്നെ ആ ശിവലിംഗത്തെ അവിടെ കുടിയിരുത്തി പൂജിക്കാൻ തുടങ്ങി.
ഇത്തരത്തിൽ സ്വയംഭൂവായി പ്രത്യക്ഷപ്പെട്ട ഭഗവാനാണ് തിമ്പിലേശ്വരൻ.
മഹാശിവരാത്രിയാണ്
ക്ഷേത്രത്തിലെ ഏറ്റവും വലിയ ഉത്സവം. ഈ സമയത്ത് ആയിരക്കണക്കിന് ഭക്തർ ശിവാലയ
ഓട്ടത്തിന്റെ ഭാഗമായി ഇവിടെ എത്തുന്നു. "ഗോവിന്ദാ ഗോപാലാ" വിളികളാൽ
ക്ഷേത്രപരിസരം ഈ സമയത്ത് മുഖരിതമാകും. തിങ്കളാഴ്ചകളും പ്രദോഷ വ്രതദിനങ്ങളും
ക്ഷേത്രത്തിൽ വിശേഷപ്പെട്ടതാണ്. നാഗർകോവിൽ, തിരുവനന്തപുരം പാതയിൽ നിന്ന് അല്പം മാറി
സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലേക്ക് എത്തിച്ചേരാൻ നല്ല റോഡ് സൗകര്യങ്ങളുണ്ട്.
ശാന്തിയും ഭക്തിയും ആഗ്രഹിക്കുന്ന ഏതൊരാൾക്കും സന്ദർശിക്കാവുന്ന കന്യാകുമാരിയിലെ മനോഹരമായ
ഒരു പുണ്യഭൂമിയാണ് പൊന്മന തിമ്പിലേശ്വര ക്ഷേത്രം.


Comments
Post a Comment