തിക്കുറിശ്ശി ശ്രീ മഹാദേവക്ഷേത്രം

മഹാശിവരാത്രിയോട് അനുബന്ധിച്ച് നടക്കുന്ന പ്രസിദ്ധമായ ശിവാലയ ഓട്ടത്തിൽ, മുഞ്ചിറ തിരുമലൈ മഹാദേവന്റെ തിരുനടയിൽ നിന്ന് ഏകദേശം പതിനാറ് കിലോമീറ്റർ മാർത്താണ്ഡം ടൗൺ വഴി ചിതറാലിലേക്കുള്ള പാതയിലൂടെ സഞ്ചരിച്ച് താമ്രപർണ്ണി നദിയുടെ കുളിർമ്മയുള്ള കരയിൽ സ്ഥിതിചെയ്യുന്ന രണ്ടാമത്തെ ശിവാലയമായ തിക്കുറിശ്ശി ശ്രീ മഹാദേവ ക്ഷേത്രത്തിൽ എത്തുന്നത്. ധ്യാനനിരതനായി ഇരിക്കുന്ന മഹാദേവനാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. ആത്മീയതയും ശാരീരിക തപസ്യയും ഒരുമിക്കുന്ന ഈ പുണ്യയാത്രയിൽ തിക്കുറിശ്ശി ശ്രീ മഹാദേവ ക്ഷേത്രം വിശേഷമായ സ്ഥാനമാണ് അലങ്കരിക്കുന്നത്. ധ്യാനനിരതനായി ഇരിക്കുന്ന മഹാദേവന്റെ സാന്നിധ്യം, ഇവിടെയെത്തുന്ന ഭക്തർക്ക് അകത്തള ശാന്തിയും ആത്മസമാധാനവും പകരുന്നുവെന്ന വിശ്വാസമുണ്ട്.

പരമ്പരാഗത കേരള വാസ്തുശില്പ ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം, കരിങ്കല്ലിന്റെ ഉറപ്പും കലാസൗന്ദര്യവും ഒരുമിപ്പിച്ചിരിക്കുന്നു. ക്ഷേത്രത്തിന്റെ മുന്നിലെ കൂറ്റൻ ആൽമരത്തിന്റെ തണലിലൂടെ നടന്ന് പടവുകൾ കയറി പ്രധാന കവാടം കടക്കുമ്പോൾ ആദ്യം ദർശിക്കുന്നത് കൊടിമരമാണ് ആ നിമിഷം തന്നെ മനസ്സിൽ ഒരു നിശ്ശബ്ദമായ ഭക്തിഭാവം നിറയുന്നു, തിരക്കുകളും ചിന്തകളും ഒറ്റ നിമിഷം മാറിനിൽക്കുമ്പോൾ അകത്തേക്ക് കടക്കുന്ന ഓരോ ചുവടും വിശ്വാസത്തിന്റെ ശാന്തമായ ലോകത്തിലേക്കുള്ള യാത്രയായി തോന്നുന്നു. ക്ഷേത്രത്തിന്റെ ഉള്ളിലേക്ക് കടന്നാൽ, വിഷ്ണു, നാഗരാജാവ്, ഗണപതി, ധർമ്മശാസ്താവ്, ദേവി എന്നിവരുള്‍പ്പെടെയുള്ള ഉപദേവതാ പ്രതിഷ്ഠകൾ ക്ഷേത്രപരിസരത്തെ ദൈവിക സമ്പൂർണ്ണതയിലേക്ക് ഉയർത്തുന്നു.

ഏറെക്കാലം ഇവിടെ നന്ദി വിഗ്രഹം ഇല്ലായിരുന്നെങ്കിലും, അടുത്ത കാലത്താണ് നന്ദികേശന്റെ പ്രതിഷ്ഠ നടന്നത്. ഇതിനു പിന്നിൽ തലമുറകളായി കൈമാറിവരുന്ന രസകരമായ ഒരു ഐതിഹ്യമുണ്ട്. പണ്ട് തിക്കുറിശ്ശി ഏലായിലെ സമൃദ്ധമായ കൃഷിയിടങ്ങളിൽ രാത്രികാലങ്ങളിൽ ഒരു കാളയിറങ്ങി വിളകൾ വ്യാപകമായി നശിപ്പിക്കുന്നത് പതിവായിരുന്നു. ഗ്രാമവാസികൾ എത്ര ശ്രമിച്ചിട്ടും ഈ കാളയെ പിടികൂടാനായില്ല. ഒടുവിൽ, ഈ കാള ക്ഷേത്രത്തിലെ നന്ദികേശനാണെന്ന് ജനം തിരിച്ചറിഞ്ഞു. കൃഷിനാശം സഹിക്കവയ്യാതെ ക്ഷേത്ര തന്ത്രിയായിരുന്ന താരണനല്ലൂർ നമ്പൂതിരിപ്പാടിനോട് ഗ്രാമവാസികൾ സങ്കടമുണർത്തി. ഭക്തരുടെ പ്രയാസം കണ്ട തന്ത്രി, തന്റെ മാന്ത്രിക ശക്തിയാൽ നന്ദിയെ ബന്ധിക്കുകയും മേലിൽ ശല്യമുണ്ടാക്കാത്ത വിധം അവിടുത്തെ നന്ദി വിഗ്രഹം അടുത്തുള്ള താമ്രപർണ്ണി നദിയിലെ ആഴമേറിയ ഒരു കയത്തിൽ നിക്ഷേപിക്കുകയും ചെയ്തു. ആ സംഭവത്തിന് ശേഷം നാട്ടിലെ കാള ശല്യം അവസാനിച്ചുവെന്നാണ് പറയപ്പെടുന്നത്. ഈ ചരിത്രസ്മരണ നിലനിൽക്കുന്നതിനാലാണ് നൂറ്റാണ്ടുകളോളം ഇവിടെ നന്ദി പ്രതിഷ്ഠ ഇല്ലാതിരുന്നത്. പുതിയ വിഗ്രഹം പ്രതിഷ്ഠിച്ചിട്ടുണ്ടെങ്കിലും, പഴയ ആ കഥ ഇന്നും തിക്കുറിശ്ശിക്കാരുടെ ഉള്ളിൽ മായാതെ നിൽക്കുന്നു.

പാറയിൽ വിരിഞ്ഞ അത്ഭുതങ്ങൾ എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള ദേവീദേവന്മാരുടെ ശില്പങ്ങളും, സൂക്ഷ്മമായ കൊത്തുപണികളാൽ സമൃദ്ധമായ കൽത്തൂണുകളുമാണ് ഈ ക്ഷേത്രത്തിൻറെ പ്രധാന ആകർഷണം. ഓരോ കല്ലിലും കൊത്തിവെച്ചിരിക്കുന്ന ഈ കലാവൈഭവം ക്ഷേത്രത്തിന്റെ പ്രൗഢമായ പൈതൃകത്തെ ഭക്തർക്ക് മുന്നിൽ തുറന്നുകാട്ടുന്നു. താമ്രപർണ്ണി നദിയുടെ തീരത്ത്, പ്രകൃതിയുടെ പച്ചപ്പും ഗ്രാമീണതയുടെ നിശബ്ദതയും ഒത്തുചേരുന്ന ഒരിടത്താണ് ഈ പുരാതന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ശാന്തമായ അന്തരീക്ഷം ഭക്തർക്ക് വെറുമൊരു ദർശനത്തിനപ്പുറം ആഴത്തിലുള്ള ഒരു ആത്മീയ അനുഭവം കൂടി സമ്മാനിക്കുന്നു.

ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാൽ, തിരുവിതാംകൂർ രാജവംശത്തിന് ഈ ക്ഷേത്രവുമായുള്ള ആത്മബന്ധം വ്യക്തമാണ്. അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ ഭരണകാലത്താണ് ഈ ക്ഷേത്രം ഇന്നത്തെ രീതിയിൽ പുനരുദ്ധാരണം ചെയ്തതെന്ന് ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു. നൂറ്റാണ്ടുകൾക്കിപ്പുറവും പഴമയുടെ തനിമ ഒട്ടും ചോരാതെ നിലനിൽക്കുന്ന ഈ പൈതൃക സ്മാരകം പ്രകൃതിയും വിശ്വാസവും ചരിത്രവും ഒരേ താളത്തിൽ ലയിക്കുന്ന അപൂർവ്വം ഇടങ്ങളിൽ ഒന്നാണ്. തലമുറകളായി കൈമാറിവരുന്ന വിശ്വാസങ്ങളും ചരിത്രത്തിന്റെ ശേഷിപ്പുകളും ഈ ക്ഷേത്രത്തെ ഇന്നും ജീവസ്സുറ്റതാക്കി നിർത്തുന്നു.







AKHILCHANDRIKA NEDUMANGAD THIRUVANANTHAPURAM +919446614358 +918802880044 THANK YOU അഖിൽചന്ദ്രിക നെടുമങ്ങാട് തിരുവനന്തപുരം +919446614358 +918802880044 നന്ദി.











Comments